മദ്യ നിർമാണശാല വിവാദം: സർക്കാർ പ്രതിക്കൂട്ടിൽ
text_fields
തിരുവനന്തപുരം: ബിയർ ഉൽപാദനകേന്ദ്രങ്ങളും (ബ്രൂവറികൾ), ഡിസ്റ്റിലറിയും അനുവദിച്ചതിൽ സർക്കാറിനെതിരെ കോടികളുടെ അഴിമതിയാരോപണം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനും രംഗത്തെത്തിയതോടെ വിഷയം കൊഴുത്തു. താനും എക്സൈസ് കമീഷണർ ഋഷിരാജ്സിങ്ങും അഴിമതിക്കാരാണോയെന്ന് ചോദിച്ചാണ് മന്ത്രി ആരോപണത്തെ നേരിടുന്നത്.
മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതിൽ കോടികളുടെ അഴിമതിയെന്നാണ് പ്രതിപക്ഷ ആരോപണം. ഇവക്ക് പുറമെ മൂന്ന് കമ്പനികൾക്ക് അനുമതി നൽകാനുള്ള നടപടിയും പുരോഗമിക്കുന്നുണ്ട്. ഇക്കാര്യം ‘മാധ്യമം’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ രഹസ്യമായാണ് മുഖ്യമന്ത്രി ഉത്തരവിറക്കിയതെന്നാണ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തുന്നത്. ഇക്കാര്യം സി.പി.ഐയും പാർട്ടി മന്ത്രിമാരും അറിഞ്ഞില്ലെന്ന് സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചതോടെ വിഷയം വിവാദമായി. എന്നാൽ, ചട്ടം പാലിച്ചാണ് കാര്യങ്ങളെന്ന് വകുപ്പ് മന്ത്രി വിശദീകരിച്ചു.
പാലക്കാട് അപ്പോളോ ബ്രൂവറി, കൊച്ചി കിൻഫ്ര പാർക്കിൽ പവർ ഇൻഫ്രാടെക് ബ്രൂവറി, കണ്ണൂരിൽ ശ്രീധരൻ ബ്രൂവറീസ് എന്നിവക്കാണ് ബിയർ നിർമാണത്തിന് അനുമതി നൽകിയത്. തൃശൂരിൽ ശ്രീചക്രാ ഡിസ്റ്റിലറിക്ക് വിദേശമദ്യ നിർമാണത്തിനും അനുമതി നൽകിയിരുന്നു. കൂടാതെ കണ്ണൂരിലെ കെ.എസ് ഡിസ്റ്റിലറിയുടെയും തൃശൂരിലെ എലൈറ്റ് ഡിസ്റ്റിലറിയുടെയും ശേഷി കൂട്ടാനും അനുവാദം നൽകി. അനുമതി നൽകിയതിൽ രണ്ടെണ്ണം കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ലഭിച്ച അപേക്ഷയാണെന്നാണ് മന്ത്രിയുടെ വിശദീകരണം.
1999 ൽ നികുതി സെക്രട്ടറിയായിരുന്ന വിനോദ് റായ് പുതിയ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിക്കരുതെന്ന് കാണിച്ച് ഇറക്കിയ ഉത്തരവ് മറികടന്ന് ഇഷ്ടക്കാരിൽനിന്ന് മാത്രം അപേക്ഷ വാങ്ങി അനുമതി നൽകിയെന്നാണ് ആരോപണം. എന്നാൽ, ഭാവിയിൽ അനുമതി നൽകരുതെന്ന് ഉത്തരവിലില്ലെന്നും അപേക്ഷകൾ വിശദമായി പരിശോധിച്ചാണ് അനുമതി നൽകിയതെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഴിമതി ആരോപണം ഉന്നയിക്കുന്നത് ഇതരസംസ്ഥാന മദ്യലോബികളെ സഹായിക്കാനാണ്. ബ്രൂവറികൾക്ക് അനുമതി നൽകിയെങ്കിലും ലൈസൻസ് നൽകിയിട്ടില്ലെന്നും 20 ഒാളം വകുപ്പുകളുടെ അനുമതിക്കുശേഷമേ കമ്പനികൾക്ക് ലൈസൻസ് ലഭിക്കൂ എന്നും എക്സൈസ് കമീഷണർ ഋഷിരാജ് സിങ് പറഞ്ഞു. ബ്രൂവറികൾക്ക് ഇനിയും അപേക്ഷ ലഭിക്കുകയാണെങ്കിൽ പരിഗണിക്കുമെന്ന് എക്സൈസ് അഡീ. ചീഫ് സെക്രട്ടറി ആശാ തോമസും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.