കഞ്ചാവ് ബീഡി പിടിച്ചത് ഒതുക്കാൻ പൊലീസുകാർ ചോദിച്ചത് 36,000 രൂപ, ടാബ് വിറ്റ് പണവുമായി വരാൻ നിർദേശം; അന്വേഷണത്തിന് ജില്ല പൊലീസ് മേധാവി ഉത്തരവിട്ടു
text_fieldsഅടിമാലി: ഇടുക്കി അടിമാലിയിൽ പൊലീസിനെതിരെ വീണ്ടും കൈക്കൂലി ആരോപണം. വാഹന പരിശോധനക്കിടെ കഞ്ചാവ് ബീഡി കണ്ടെത്തിയ കേസ് ഒതുക്കിത്തീർക്കാൻ ഹൈവേ പൊലീസ് 36,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആക്ഷേപത്തിൽ ജില്ല പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. അടിമാലി സി.ഐക്കാണ് അന്വേഷണ ചുമതല. അടിമാലി സ്റ്റേഷന് കീഴിലെ ഹൈവേ പൊലീസിന്‍റെ നടപടിക്കെതിരെയാണ് അന്വേഷണം.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നാർ സന്ദർശിച്ച് മടങ്ങിയ പെരുമ്പാവൂർ സ്വദേശികളായ ആറംഗ സംഘത്തിന്‍റെ വാഹനം ഹൈവേ പൊലീസ് വാളറ വെച്ച് പരിശോധിച്ചു. വാഹനത്തിൽ നിന്നും ഒരു കഞ്ചാവ് ബീഡി പൊലീസ് കണ്ടെത്തി. വിലയേറിയ മൊബൈൽ ഫോൺ, ടാബ്ലറ്റ് കമ്പ്യൂട്ടർ എന്നിവയും വാഹനത്തിലുണ്ടായിരുന്നു. കഞ്ചാവ് ബീഡി പിടികൂടിയത് കേസാകാതിരിക്കാൻ പൊലീസ് 36,000 രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി.
ആവശ്യപ്പെട്ട പണം യുവാക്കളുടെ കൈയിൽ ഇല്ലായിരുന്നു. ഇതോടെ മൂന്ന് പേരെ പൊലീസ് സ്ഥലത്ത് പിടിച്ച് നിർത്തി മറ്റ് മൂന്ന് പേരെ ടാബ് വിറ്റ് പണവുമായി വരാൻ നിർദേശിച്ച് അടിമാലിക്ക് തിരികെ അയച്ചു. ഇവർ മൂവരും അടിമാലിക്ക് വരുംവഴി മറ്റൊരു പൊലീസ് സംഘത്തിന്‍റെ മുന്നിൽപെട്ടു. സംഭവം ഇവരോട് പറഞ്ഞു. ഇവർ നിർദേശിച്ചതനുസരിച്ച് യുവാക്കൾ ടാബ് വിൽക്കാതെ തിരികെ ഹൈവേ പൊലീസിന്‍റെ അടുത്തേക്ക് തന്നെ എത്തി.
പണം ലഭിക്കില്ലെന്ന് മനസിലാക്കിയ ഹൈവേ പൊലീസ് വാഹനത്തിനും യുവാക്കൾക്കും എതിരെ അഞ്ച് കേസുകൾ എടുത്ത് ഇവരെ പറഞ്ഞുവിട്ടു. ഫോണിൽ സന്ദേശം വന്നപ്പോഴാണ് വലിയ പിഴ ചുമത്തിയതായി യുവാക്കൾ അറിയുന്നത്.
ബുധനാഴ്ച വൈകീട്ട് തന്നെ ഇടുക്കി എസ്.പി ഈ വിവരം അറിഞ്ഞിരുന്നു. എസ്.പിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന എസ്.ഐ ഉൾപ്പെടെയുള്ള മൂന്ന് പേരുടെ മൊഴി രേഖപ്പെടുത്തി സി.ഐ റിപ്പോർട്ട് കൈമാറി. നേരത്തെ, വാഹന പരിശോധനക്കിടെ ട്രാഫിക് പൊലീസ് കൈക്കൂലി വാങ്ങി പിടിക്കപ്പെട്ട സംഭവം ഇവിടെയുണ്ടായിരുന്നു. എസ്.ഐ, ഡ്രൈവർ എന്നിവർ ഇതേത്തുടർന്ന് സസ്പെൻഷനിലാണ്. ഇതിന് പുറമെ മറ്റൊരു കൈക്കൂലി സംഭവം കൂടിയുണ്ടായത് പൊലീസിന് നാണക്കേടായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.