കൈക്കൂലി വാങ്ങുന്നതിനിടെ അസി. ലേബർ കമീഷണർ പിടിയിൽ
text_fieldsകാക്കനാട് (കൊച്ചി): കൈക്കൂലി വാങ്ങുന്നതിനിടെ കാക്കനാട് കേന്ദ്ര റീജനൽ ലേബർ കമീഷണർ ഓഫിസിലെ അസി. ലേബർ കമീഷണറെ വിജിലൻസ് പിടികൂടി. ഗേറ്റ് പാസും മൈഗ്രന്റ് ലൈസൻസും അനുവദിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉത്തർപ്രദേശ് സ്വദേശിയായ അജീത് കുമാർ (32) പിടിയിലായത്. സംഗീത എൻജിനീയറിങ് വർക്സ് എന്ന സ്ഥാപനത്തിന്റെ മാനേജർ വി.ആർ. രതീഷിന്റെ പരാതിയിലാണ് നടപടി.
ബി.പി.സി.എൽ കൊച്ചി റിഫൈനറിയിലെ മെക്കാനിക്കൽ മെഷിനിങ്, ഇലക്ട്രിക്കൽ മെയിന്റനൻസ് എന്നിവയുടെ ജോലി ചെയ്തുവരുന്ന സ്ഥാപനത്തിലെ തൊഴിലാളികൾക്ക് കമ്പനിക്കുള്ളിൽ പ്രവേശനം അനുവദിക്കുന്ന എൻട്രി പാസിന് വേണ്ടിയുള്ള മൈഗ്രന്റ് ലൈസൻസിന് അജീത് കുമാർ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നൽകിയ 20,000 രൂപയുമായി കമ്പനി പ്രതിനിധി വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് കമീഷണർ ഓഫിസിലെത്തി.
അജീത് കുമാറിന്റെ ചേംബറിലെത്തി പണം കൈമാറിയ ഉടൻ പരിസരത്തുണ്ടായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ മുറിയിലെത്തി ഓഫിസറെ കൈയോടെ പിടികൂടുകയായിരുന്നു. 20 പേരുടെ ഗേറ്റ് പാസിന് ഓരോരുത്തർക്കും 1000 രൂപ വീതം കണക്കാക്കിയാണ് 20,000 രൂപ ആവശ്യപ്പെട്ടത്.
അജീത് കുമാറിന്റെ കാക്കനാട് പടമുഗളിലെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം 2.17 ലക്ഷം രൂപയും 18 പവൻ സ്വർണവും കണ്ടെത്തി. കൈക്കൂലി വാങ്ങുന്നതായ വ്യാപക പരാതിയെത്തുടർന്ന് മാസങ്ങളായി അജീത് കുമാർ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.
കാസർകോട് മുതൽ എറണാകുളം വരെ ഏഴ് ജില്ലയുടെ ചുമതലക്കാരനായ ഇയാൾ നാലുവർഷം മുമ്പാണ് കാക്കനാട് ഓഫിസിൽ സ്ഥലംമാറിയെത്തിയത്. വിജിലൻസ് മധ്യമേഖല സൂപ്രണ്ട് എസ്. ശശിധരന്റെ മേൽനോട്ടത്തിൽ വിജിലൻസ് എറണാകുളം യൂനിറ്റ് ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.