നൈറ്റ് പട്രോളിങ്ങിനിടെ കൈക്കൂലി; എസ്.ഐ ഉൾപ്പെടെ പൊലീസുകാർ പിടിയിൽ
text_fieldsകൊച്ചി: നൈറ്റ് പട്രോളിങ്ങിനിടെ പൊലീസുകാർ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടർന്ന് വിജിലൻസ് രാത്രി കാല പരിശോധന നടത്തി. ‘ഓപറേഷന്‍ മിഡ്‌നൈറ്റ്’ എന്ന പരിശോധനയിൽ എസ്.ഐ അടക്കം ഉദ്യോഗസ്ഥരാണ് പെട്ടത്.
വിജിലൻസ് എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തില്‍ അഞ്ച് ഡിവൈ.എസ്.പിമാര്‍, 12 സി.ഐമാര്‍ കൂടാതെ വിവിധ യൂനിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കം 60അംഗ സംഘമാണ് 25 സ്ഥലങ്ങളിലായി പരിശോധന നടത്തിയത്. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വ്യാഴാഴ്ച രാത്രിയാണ് പരിശോധന നടത്തിയത്.
മണ്ണാര്‍ക്കാട് ഹൈവേ സ്‌ക്വാഡ് സംഘത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 2850 രൂപയും പെരുമ്പാവൂരിലെ കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് 2000 രൂപയും പിടികൂടി. മൂവാറ്റുപുഴ ഫ്ലൈയിങ് സ്‌ക്വാഡിലെ പൊലീസുകാരൻ മൂക്കറ്റം മദ്യപിച്ച് കാലുകൾ നിലത്തുറക്കാത്ത നിലയിലായിരുന്നു.
രാത്രികാല പരിശോധന നടത്തുന്ന ഫ്ലൈയിങ് സ്‌ക്വാഡ്, കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന. വിജിലന്‍സ് സ്‌ക്വാഡ് എത്തിയതിന് പിന്നാലെ പണം എസ്.ഐയും സംഘവും വാഹനത്തിന്റെ സീറ്റനടിയിലേക്ക് എറിയുകയായിരുന്നു. ഹൈവേയില്‍ പരിശോധന നടത്തേണ്ട പൊലീസുകാർ ആളൊഴിഞ്ഞ റോഡില്‍ വിശ്രമിക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
പരിശോധനയില്‍ എസ്.ഐ ഉള്‍പ്പടെ ഒമ്പതു പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് വിജിലന്‍സ് സ്‌ക്വാഡ് അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരും. പിടിയിലായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഉണ്ടാകുമെന്നും വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.