ലൈഫ് പദ്ധതിയിൽ വീടിന് കൈക്കൂലി: വി.ഇ.ഒ പിടിയിൽ
text_fieldsറാന്നി: നിർധനർക്കുള്ള ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങവേ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫിസറെ (വി.ഇ.ഒ) വിജിലൻസ് അറസ്റ്റ് ചെയ്തു. മറ്റൊരു കൈക്കൂലി കേസിൽ മുമ്പ് അറസ്റ്റിലായ പഴവങ്ങാടി വി.ഇ.ഒ ആലപ്പുഴ പത്തിയൂര്‍ തലപ്പുഴയേത്ത് രാഹുലേയം വീട്ടില്‍ സതീഷ്‌കുമാർ (50) ആണ് വീണ്ടും അറസ്റ്റിലായത്. കൈക്കൂലി വാങ്ങിയ 5,000 രൂപയുമായി വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്പി ഹരി വിദ്യാധരന്‍റെ നേതൃത്വത്തിലാണ് പിടികൂടിയത്.
രണ്ടാം തവണയാണ് സതീഷ്‌കുമാര്‍ വിജിലന്‍സ് പിടിയിലാകുന്നത്. ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം പഞ്ചായത്തില്‍ വച്ചും ഇയാള്‍ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിയിലായിരുന്നു.
ചെല്ലക്കാട് മഴവഞ്ചേരിയില്‍ ലൈസാമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കുന്നതിന് രണ്ടുതവണയായി 12,000 രൂപ ലൈസാമ്മയില്‍ നിന്ന് സതീഷ്‌കുമാര്‍ കൈപ്പറ്റിയിരുന്നു. വീണ്ടും 5000 രൂപ കൂടി ചോദിച്ചപ്പോള്‍ ലൈസാമ്മ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
വിജിലന്‍സ് നിര്‍ദേശ പ്രകാരം ബുധനാഴ്ച പഴവങ്ങാടി പഞ്ചായത്ത് ഓഫിസിന്‍റെ മുകള്‍ നിലയിലെ വി.ഇ ഓഫിസില്‍ വച്ചാണ് ലൈസാമ്മ 5,000 രൂപ കൈമാറിയത്. ഉടന്‍ തന്നെ മറഞ്ഞു നിന്ന വിജിലന്‍സ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.