ജഡ്ജിമാരുടെ പേരിൽ കൈക്കൂലി: സൈബിയെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽനിന്ന് വൻ തുക കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂർ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈകോടതി. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിർദേശിച്ചു.
സൈബിക്കെതിരായ ആരോപണം ഗുരുതരമാണെന്നും കുറ്റകൃത്യത്തിലെ പങ്കാളിത്തം തള്ളാനാവില്ലെന്നും സർക്കാർ വാദിച്ചു. വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂട്ടർ അറിയിച്ചു. തുടർന്ന് ഹരജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി. തനിക്കെതിരായ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
നിയമ വിരുദ്ധമായി പ്രതിഫലം കൈപ്പറ്റിയതിന് അഴിമതി നിരോധന നിയമവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വഞ്ചനക്കുറ്റവുമാണ് സൈബിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒരു വിഭാഗം അഭിഭാഷകരുടെ വ്യക്തി വൈരാഗ്യമാണ് കേസിനു പിന്നിലെന്നാണ് സൈബിയുടെ ആരോപണം. അതേസമയം, കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ചു.
കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള കേസാണെന്ന സൈബിയുടെ വാദം നിലനിൽക്കില്ലെന്ന് റിപ്പോർട്ടിൽ സർക്കാർ വ്യക്തമാക്കി. ഇതുവരെ 19 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. സൈബി ഹാജരായ കേസുകളിലെ കേസ് ഡയറി ഹാജരാക്കാൻ റാന്നി, എറണാകുളം സൗത്ത് പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.