പി.എസ്.സി അംഗമാക്കാൻ കോഴ; സി.പി.എം നേതാവിനെതിരെ കടുത്ത നടപടിയുണ്ടാകും
text_fieldsകോഴിക്കോട്: പി.എസ്.സി അംഗത്വം വാഗ്ദാനംചെയ്ത് സി.പി.എമ്മിലെ യുവനേതാവ് ഹോമിയോ ഡോക്ടറിൽനിന്ന് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ കടുത്ത നടപടിക്കൊരുങ്ങി പാർട്ടി. ആരോപണം നേരിടുന്ന കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ഭാരവാഹിയുമായ പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽനിന്ന് പുറത്താക്കുന്നതടക്കമുള്ള നടപടിയാണ് ആലോചിക്കുന്നത്. കർശന നടപടി സ്വീകരിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം ജില്ല കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആദ്യം പാർട്ടിയുടെയും വർഗ ബഹുജന സംഘടനകളുടെയും തെരഞ്ഞെടുക്കപ്പെട്ട പദവികളിൽനിന്ന് മാറ്റിനിർത്തുകയും പിന്നീട് പുറത്താക്കുകയും ചെയ്യുമെന്നാണ് വിവരം. ഇതിന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടെ പാർട്ടി ശേഖരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചേരുന്ന പാർട്ടി ജില്ല സെക്രട്ടേറിയറ്റ്, വിഷയം ചർച്ചചെയ്ത് അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. തുടർന്ന്, ജില്ല സെക്രട്ടറി പി. മോഹനൻ ഉൾപ്പെടെ പങ്കെടുത്ത് ടൗൺ ഏരിയ കമ്മിറ്റി യോഗവും ചേരും. തെരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽനിന്ന് കരകയറും മുമ്പാണ് സി.പി.എമ്മിനെ വെട്ടിലാക്കിയ പി.എസ്.സി കോഴ വിവാദം ഉയർന്നത്.
നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരം പറയേണ്ടിവന്ന ആരോപണത്തിൽ ശക്തമായ നടപടി വേണമെന്നാണ് പാർട്ടിയുടെ നിലപാട്. പണം വാങ്ങി പി.എസ്.സി അംഗങ്ങളെ നിയമിക്കുന്ന പാർട്ടിയല്ല സി.പി.എമ്മെന്നും വിഷയത്തിൽ പരിശോധിച്ച് നടപടിയെടുക്കുമെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വഴിയാണ് നേതാവ് പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്തതെന്നാണ് പാർട്ടിക്ക് ലഭിച്ച പരാതിയിലുള്ളത്. ഇതടക്കം പുറത്തുവന്നതോടെ പാർട്ടിക്കൊപ്പം വിവാദം സർക്കാറിനെയും വെട്ടിലാക്കുകയാണ്.
60 ലക്ഷം രൂപക്കാണ് പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്തത്. മുൻകൂറായി 22 ലക്ഷം നൽകിയിട്ടും അംഗത്വം ലഭിക്കില്ലെന്നുറപ്പായതോടെ ആരോഗ്യവകുപ്പിൽ വലിയ പദവി വാഗ്ദാനം ചെയ്തു. ഇതും ലഭിക്കാതായതോടെയാണ് ഡോക്ടർ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.