‘കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ 150 കോടി കൈക്കൂലി’; വി.ഡി. സതീശനെതിരായ ഹരജി വിജിലൻസ് കോടതി തളളി
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പ്രത്യേക വിജിലൻസ് കോടതി തള്ളി. നിലമ്പൂർ എം.എൽ.എ പി.വി. അൻവർ നിയമസഭയിലാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്.
ഹരജിയിൽ ആരോപണങ്ങൾ മാത്രമേയുള്ളൂവെന്നും തെളിവുകൾ ഹാജരാക്കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി തുടർ നടപടി അവസാനിപ്പിച്ചത്. പരാതിക്കാരനായ ഹഫീസിന് ആരോപണങ്ങളുമായി നേരിട്ട് ബന്ധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭയിലെ പ്രസംഗത്തിന്‍റെ പേരിൽ എങ്ങനെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുമെന്ന് ജഡ്ജി എം.വി. രാജകുമാർ ആരാഞ്ഞു.
തെളിവില്ലെന്നും പരാതിയിൽ പറയുന്ന കാര്യങ്ങൾ അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കാനുള്ള വസ്തുതകളില്ലെന്നുമാണ് വിജിലൻസിന് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി ആരാഞ്ഞ് വിജിലൻസ് ഡയറക്ടർ സർക്കാറിന് കത്ത് നൽകിയിരുന്നു.
നിലമ്പൂർ എം.എൽ.എ പി.വി. അൻവറാണ് നിയമസഭയിൽ ഈ ആരോപണം ആദ്യം ഉന്നയിച്ചത്. ഹരജിയിൽ ഈ മാസം ആദ്യം വാദം പൂർത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിവച്ചത്. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ വി.ഡി. സതീശൻ അന്തർ സംസ്ഥാന ലോബികളിൽ നിന്നും കൈക്കൂലി വാങ്ങിയതായി പി.വി. അൻവർ എം.എൽ.എ നിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശിയായ ഹഫീസ് വിജിലൻസ് ഡയറക്ടറെ സമീപിച്ചു. വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. ഹരജിയിൽ ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ലെന്ന് വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
പരാതിയുമായി ബന്ധപ്പെട്ടു വിജിലൻസ് അന്വേഷണം നടത്തിയിട്ടില്ല. പി.വി.അൻവർ എം.എൽ.എ ആരോപണം ഉന്നയിച്ചതു നിയമസഭയിലാണ്. പരാതിക്കാരനു മാധ്യമ വാർത്തകൾ അല്ലാതെ മറ്റു വിവരങ്ങളില്ല. തെരഞ്ഞെടുപ്പു ഫണ്ടിനു വേണ്ടിയാണു കോർപറേറ്റുകളിൽ നിന്നു പണം വാങ്ങിയതെങ്കിൽ അതു തെരഞ്ഞെടുപ്പു കമിഷനാണ് അന്വേഷിക്കേണ്ടത്. അതിനും തെളിവില്ല. അതിനാൽ ഈ കേസിൽ അന്വേഷണം ആവശ്യമില്ല. നിയമസഭാ സാമാജികർക്കു പ്രത്യേക അധികാരമോ പരിരക്ഷയോ ഉണ്ടോയെന്നു വ്യക്തത വരുത്തണം. അതിനാൽ, ലഭിച്ച പരാതി വിജിലൻസ് ഡയറക്ടർ സർക്കാരിനു കൈമാറിയെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.