ഇരുതലമൂരിയെ കടത്താൻ കൈക്കൂലി; പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ക്കും ഡ്രൈവര്‍ക്കും സസ്പെന്ഷന്
text_fieldsതിരുവനന്തപുരം: ഇരുതലമൂരിയെ കടത്താനുപയോഗിച്ച വാഹനത്തിന്റെ ഉടമയെയും പ്രതികളെയും രക്ഷിക്കാന്‍ ഗൂഗിള്‍ പേ വഴി ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവമടക്കം നിരവധി കേസുകളില്‍ ആരോപണവിധേയനായ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ക്കും ഡ്രൈവര്‍ക്കും സസ്പെന്ഷന്.
റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എല്‍. സുധീഷ്കുമാര്‍, ഡ്രൈവര്‍ ആര്. ദീപു എന്നിവരെയാണ് അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ് ആന്‍ഡ് ഇന്റലിജന്‍സ്) സസ്പെന്‍ഡ് ചെയ്തത്. ഇരുതലമൂരിയെ കടത്താനുപയോഗിച്ച വാഹനത്തിന്റെ ഉടമയെയും പ്രതികളായ സജിത്ത്, രാജ്പാല് എന്നിവരെ രക്ഷിക്കാന്‍ റേഞ്ച് ഓഫിസര്‍ നിര്‍ദേശിച്ച ഗൂഗിള്‍ പേ നമ്പറില്‍ നാലുതവണയായി ഒരു ലക്ഷംരൂപ അയച്ചുനല്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ആര്യനാട് വെച്ച് തടഞ്ഞ തടി കയറ്റിയ ലോറി വിട്ടുനല്‍കുന്നതിനായി 35,000 രൂപ വെള്ളനാട് സ്വദേശി സിനുവില്നിന്ന് കൈപ്പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡ്രൈവര്‍ ദീപു വഴിയാണ് പണം അയച്ചുനല്‍കിയത്. വിതുര നാരകത്തിന്‍കാല സെറ്റില്‍മെന്റില്‍ താമസിക്കുന്ന വാഹനാപകടത്തില്‍ കിടപ്പിലായ വ്യക്തിയുടെ റബര്‍ മരങ്ങള്‍ മുറിച്ച് കൈതച്ചക്ക കൃഷി ചെയ്യുന്നതിന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വിളപ്പില്‍ശാല ഭാഗത്തെ തടിമില്‍ ഉടമയില്‍നിന്ന് 3,000 രൂപ ദീപു ഇടനിലക്കാരനായി കൈപ്പറ്റി. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തുന്നതിനായി ഇവരെ സസ്പെന്‍ഡ് ചെയ്തു മാറ്റിനിര്‍ത്തുന്നതായി അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. പുകഴേന്തിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.