പാലങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റും; നിർമാണ പ്രവർത്തനം ഉടൻ തുടങ്ങുമെന്ന് പി.എ.മുഹമ്മദ് റിയാസ്
text_fieldsകൊച്ചി: പാലങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ സംയുക്ത പദ്ധതിയുടെ ഭാഗമായാണ് നടപ്പാക്കുന്നത്. പാലങ്ങൾ ദീപാലംകൃതമാക്കി മാറ്റുകയും നദികൾക്ക് കുറുകെയല്ലാത്ത ഓവർ ബ്രിഡ്ജുകളുടെ താഴത്തെ ഭാഗം പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകുംവിധം മികച്ച രീതിയിൽ പരിവർത്തനം ചെയ്യുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ഓവർ ബ്രിഡ്ജും കൊല്ലം എസ്.എൻ കോളജിന് സമീപത്തെ റെയിൽവേ ഓവർ ബ്രിഡ്ജുമാണ് പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള ഓവർ ബ്രിഡ്ജിന് താഴെ ഓപൺ ജിം, ബാസ്കറ്റ്ബാൾ കോർട്ട്, ഫുട്ബാൾ ടർഫ് ഗ്രൗണ്ട് എന്നിവയാണ് സജ്ജീകരിക്കുന്നത്. കേരളത്തിൽ ഇത്തരത്തിൽ ഉപയോഗപ്രദമാക്കാവുന്ന ഓവർ ബ്രിഡ്ജുകളുടെ പട്ടിക ശേഖരിച്ചുവരുകയാണ്. പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കോഴിക്കോട് ഫാറൂഖ് പഴയപാലവും ആലുവ മണപ്പുറത്തെ ഫുട്ഓവർ ബ്രിഡ്ജുമാണ് ദീപാലംകൃതമാക്കാൻ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തത്. പദ്ധതിരേഖ തയാറാക്കൽ പുരോഗമിക്കുകയാണ്. ഈ രണ്ടു പദ്ധതിയും പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് നടപ്പാക്കുന്നതെന്നും കേരളത്തെ ടൂറിസ്റ്റ് സംസ്ഥാനമാക്കി മാറ്റാൻ ഈ പദ്ധതികൾ കരുത്തുപകരുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.