ഐ.എസ്.എം സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
text_fieldsകൊച്ചി: ഫലസ്തീൻ ജനതയുടെ അസ്ഥിത്വം ചോദ്യംചെയ്യപ്പെടുന്നത് കടുത്ത അനീതിയാണെന്ന് ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ. ഇതിനെതിരെയാണ് അന്താരാഷ്ട്ര ജനത നിലകൊള്ളുന്നത്. ‘നേരാണ് നിലപാട്’എന്ന പ്രമേയത്തിൽ കേരള നദ്വത്തുൽ മുജാഹിദീൻ യുവഘടകമായ ഐ.എസ്.എമ്മിന്റെ സംസ്ഥാന സമ്മേളനം എറണാകുളം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും കേരളവും എന്നും തങ്ങളോടൊപ്പമുണ്ട്. ഫലസ്തീനിലെ ചരിത്രം ഒക്ടോബർ ഏഴിനല്ല ആരംഭിച്ചത്. അത് ഏഴര പതിറ്റാണ്ടായിട്ടുള്ളതാണ്. ജനിച്ച നാട്ടിൽ ജീവിക്കാൻ അനുവദിക്കാതെ അധിനിവേശം നടത്തുന്ന ഇസ്രായേലിനെതിരായ ചെറുത്തുനിൽപാണ് ഫലസ്തീനികളുടേത്. 120 ഇസ്രായേലികളെ ബന്ധികളാക്കിയെന്നാണ് ലോകത്ത് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. എന്നാൽ, അടുത്ത ദിവസങ്ങളിലായി അയ്യായിരത്തോളം ഫലസ്തീനികളെ ഇസ്രായേലിൽ ബന്ദികളാക്കിയത് ആരും പറയുന്നില്ല. ആയിരങ്ങളെ അവർ വധിച്ചു.
ഗസ്സയിലെ ജനങ്ങൾക്ക് പുറത്തുപോകാനാകാത്തവിധം ഉപരോധമേർപ്പെടുത്തുന്നു. ഖുദ്സും ജറുസലേമും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടയിടങ്ങളാണ്. മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജീവിതവും ആരാധനാലയങ്ങളുമൊക്കെ ചോദ്യംചെയ്യപ്പെടുന്നു. ഇവിടെയാണ് അന്താരാഷ്ട്രസമൂഹം പീഡിതർക്കൊപ്പം നിൽക്കണമെന്ന് ഫലസ്തീനിൽ ജനിച്ചുവളർന്ന താൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ പ്രസംഗം പരിഭാഷപ്പെടുത്തി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യൻ ബഹുസ്വരതയുടെയും സഹവർത്തിത്വത്തിന്റെയും ബാലപാഠങ്ങൾ സ്കൂൾ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ തലമുറയിൽ മാനവിക മൂല്യങ്ങളും മനുഷ്യസൗഹാർദവും വളർത്തിയെടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു
സ്വാഗതസംഘം ചെയർമാൻ റഷീദ് ഉസ്മാൻ സേട്ട് അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചി മേയർ എം. അനിൽകുമാർ, കേരള വഖഫ് ബോർഡ് ചെയർമാർ അഡ്വ. എം.കെ. സക്കീർ, കെ.എൻ.എം സംസ്ഥാന സെക്രട്ടറി പാലത്ത് അബ്ദുറഹ് മാൻ മദനി, എം.എസ്.എം സംസ്ഥാന പ്രസിഡൻറ് അമീൻ അസ് ലഹ്, അബ്ദുൽ വഹാബ് സ്വലാഹി, ശിഹാബ് തൊടുപുഴ, അൻഫസ് നന്മണ്ട എന്നിവർ സംസാരിച്ചു.
മേയർ, എം.എൽ.എ എന്നിവരെ ഫലസ്തീൻ അംബാസഡർ ഷാളണിയിച്ച് ആദരിച്ചു. സുവനീർ പ്രകാശനം ഹംസ പറക്കാടിന് നൽകി ടി.പി.എം. ഇബ്രാഹിം ഖാൻ നിർവഹിച്ചു.ഫാമിലി സമ്മിറ്റിൽ കെ.എൻ.എം വൈസ് പ്രസിഡൻറ് എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് അധ്യക്ഷത വഹിച്ചു.
അലി ശാക്കിർ മുണ്ടേരി, അംജദ് അൻസാരി, ഹാഫിദുർ റഹ് മാൻ പുത്തൂർ, ജാസിർ രണ്ടത്താണി, ശംസീർ കൈതേരി എന്നിവർ സംസാരിച്ചു. സമാപന ദിനമായ ഞായറാഴ്ച 18 സെഷനുകളിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. ഓൾ ഇന്ത്യ അഹ്ലെ ഹദീസ് സെക്രട്ടറി മൗലാനാ ശമീം അഖ്തർ നദ് വി ഉദ്ഘാടനം ചെയ്യും.
വിവിധ സെഷനുകളിലായി സൗദി എംബസി അറ്റാഷെ ശൈഖ് ബദർ നാസിർ അൽ അനസി, മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി, വി.കെ. സക്കരിയ്യ, സി.ആർ. മഹേഷ് എം.എൽ.എ എന്നിവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.