ആർ.ഡി.എസ്.എസിന് ജീവൻ വെക്കുന്നു; 1640 കോടിയുടെ വൈദ്യുതി ശൃംഖല പദ്ധതികൾക്ക് ടെൻഡർ
text_fieldsപാലക്കാട്: സ്മാർട്ട് മീറ്റർ ടെൻഡറിനുള്ള നടപടി പുനരാരംഭിച്ചതോടെ കേന്ദ്ര പദ്ധതിയായ ആർ.ഡി.എസ്.എസ് (റിവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്കീം) പദ്ധതിയുടെ ആദ്യഘട്ട ശൃംഖല നവീകരണത്തിന് ടെൻഡറുകൾ ക്ഷണിച്ച് തുടങ്ങി. വിവിധ ജില്ലകളിലായി 163 പാക്കേജുകളിലായി 1640 കോടിയുടെ പദ്ധതികളാണ് ആദ്യഘട്ടത്തിൽ ടെൻഡർ ക്ഷണിച്ചത്.
ഇതിനോടൊപ്പം ആർ.ഡി.എസ്.എസ് പദ്ധതിയുടെ ഭാഗമായ മൂന്ന് ലക്ഷം സ്മാർട്ട് മീറ്ററിന് ടെൻഡർ ക്ഷണിക്കാൻ നടപടി പൂർത്തിയായതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
വൈദ്യുതി ഉപഭോഗത്തില്‍ വരുന്ന നഷ്ടം തടയാനും പ്രസരണ, വിതരണ ഘട്ടങ്ങളിലെ ഗുണമേന്മ ഉറപ്പാക്കാനും സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കാനും ലക്ഷ്യമിടുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ആര്.ഡി.എസ്.എസ് . ശൃഖല നവീകരണത്തിന് 60 ശതമാനം ഗ്രാൻഡും സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ 15 ശതമാനം സബ്സിഡിയുമാണ് പദ്ധതിയിലൂടെ ലഭിക്കുക.
കെ.എസ്.ഇ.ബിയുടെ 10,475 കോടിയുടെ പദ്ധതികള്‍ക്കാണ് ആര്.ഡി.എസ്.എസിന്റെ ഭാഗമായി നേരത്തെ കേന്ദ്ര അനുമതി കിട്ടിയിരുന്നത്. ഇതില്‍ 8205 കോടി രൂപ സ്മാര്‍ട്ട് മീറ്റര്‍ വ്യാപനത്തിനും 2270 കോടി രൂപ വിതരണ ശൃംഖല നവീകരണത്തിനുമായിരുന്നു.
ഇതിനിടെയായിരുന്നു ടോട്ടെക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നത് വിവാദമായതും സംസ്ഥാന സർക്കാറിന്റെ ബദൽ മാതൃക അവതരിപ്പിച്ചതും. കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ അനുമതിയോടെ മാസാവസാനത്തോടെ ബദൽ മാതൃകക്ക് അനുസൃതമായി സ്മാർട്ട് മീറ്ററുകൾക്ക് ടെൻഡർ ക്ഷണിക്കുമെന്നാണറിയുന്നത്.
നടപടികൾക്ക് ഊർജമന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ വ്യാവസായിക യൂനിറ്റുകളിലും സർക്കാർ ഓഫിസുകളിലുമാണ് സ്മാർട്ട് മീറ്റർ ഘടിപ്പിക്കുക. പിന്നീട് ഘട്ടംഘട്ടമായി മുഴുവൻ ഉപഭോക്താക്കളിലുമെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.