വിലക്ക് തള്ളി ബ്രിട്ടാസിന്റെ പ്രഭാഷണം; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലറുടെ വിലക്ക് തള്ളി ജോൺ ബ്രിട്ടാസ് എം.പിയുടെ പ്രഭാഷണം. സംഭവത്തിൽ എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ സർവകലാശാലാ രജിസ്ട്രാറോട് വിശദീകരണം തേടി. പരിപാടിയുടെ നടത്തിപ്പിൽ തെരഞ്ഞെടുപ്പ് കമീഷന്റെ മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നോഡൽ ഓഫിസർ കൂടിയായ സബ്കലക്ടർ ഡോ. അശ്വതി ശ്രീനിവാസ് ആവശ്യപ്പെട്ടത്.
സർവകലാശാലയിലെ ഇടത് അനുകൂല ജീവനക്കാരുടെ സംഘടനായ കേരള സർവകലാശാല എംേപ്ലായീസ് യൂനിയൻ സംഘടിപ്പിച്ച പ്രതിമാസ പ്രഭാഷണ പരിപാടിയുടെ ഭാഗമായാണ് ‘ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും’ എന്ന വിഷയത്തിൽ ജോൺ ബ്രിട്ടാസിന്റെ പ്രഭാഷണം സംഘടിപ്പിച്ചത്. പ്രതിപക്ഷ സംഘടനാ ആഭിമുഖ്യമുള്ള ചിലർ നൽകിയ പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായ രീതിയിൽ രാഷ്ട്രീയ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് വി.സി ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാർക്ക് നിർദേശം നൽകിയിരുന്നു.
ഇക്കാര്യം രജിസ്ട്രാർ ഡോ. അനിൽ കുമാർ സംഘടന സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാൽ, രാഷ്ട്രീയ പ്രചാരണ പരിപാടിയല്ലെന്ന് വ്യക്തമാക്കി മുൻ നിശ്ചയിച്ച പ്രകാരം എംേപ്ലായീസ് യൂനിയൻ ഹാളിൽ ഉച്ചക്ക് ഒന്നേകാൽ മുതൽ ജോൺ ബ്രിട്ടാസ് പ്രഭാഷണം നടത്തി. പ്രഭാഷണം തടയാൻ വി.സി നടത്തിയ നീക്കത്തെ ജോൺ ബ്രിട്ടാസ് വിമർശിച്ചു. ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയാകാനുള്ളതാണ് സർവകലാശാലകളെന്നും വി.സിയുടെ പദവി എന്താണെന്ന് അറിയാത്ത ആളാണ് ആ പദവിയിലിരിക്കുന്നതെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.
ഒന്നിനെ പറ്റിയും വി.സിക്ക് ധാരണയില്ല. ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ വി.സിയാണ് സംഘടിപ്പിക്കേണ്ടത്. ജനാധിപത്യം എന്താണെന്ന ധാരണ വി.സിക്ക് ഇല്ല. ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ച് ചേർന്നാൽ ഇത്തരം ഉത്തരവുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംഘടന ഓഫിസിനകത്ത് നടത്തിയ ആഭ്യന്തര പരിപാടിയിൽ ഇടപെടാനുള്ള അധികാരം വി.സിക്ക് ഇല്ലെന്ന് യൂനിയൻ അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കുകയാണെങ്കിൽ തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ ഒരു നിർദേശം രജിസ്ട്രാർക്ക് നൽകിയതെന്നാണ് വി.സി യുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.