സംപ്രേഷണവിലക്ക്: പ്രതിഷേധവുമായി മീഡിയവണ്‍ ജീവനക്കാർ
text_fieldsകോഴിക്കോട്: സംപ്രേഷണവിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി മീഡിയവണ്‍ ജീവനക്കാർ. മീഡിയവണ്‍ ആസ്ഥാനത്ത് ചേർന്ന പ്രതിഷേധ സംഗമം മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു.
ബ്രിട്ടീഷ് സർക്കാറിന്റെ കാലത്തുപോലും ഒരു മാധ്യമസ്ഥാപനം കാരണമില്ലാതെ അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നീതിക്കും സത്യത്തിനും ഭരണഘടനക്കും എതിരായി ഒന്നും ചെയ്തിട്ടില്ലെന്ന് മീഡിയവണിന് ഉറപ്പിച്ചുപറയാൻ കഴിയും. അതിന്റെ തെളിവാണ് രാജ്യത്തും പുറത്തും മീഡിയവണിനുവേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുസമൂഹവും അണിനിരക്കുന്നതെന്നും ഒ. അബ്ദുറഹ്മാന് കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നിയമപോരാട്ടത്തിലൂടെ മറികടക്കുമെന്ന് മീഡിയവണ്‍ സി.ഇ.ഒ റോഷന് കക്കട്ട് പറഞ്ഞു. മീഡിയവണ്‍ എഡിറ്റർ പ്രമോദ് രാമന്, മാനേജിങ് എഡിറ്റർ സി. ദാവൂദ്, എക്സിക്യൂട്ടിവ് എഡിറ്റർ പി.ടി. നാസർ, സീനിയർ കോഓഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, കോഓഡിനേറ്റിങ് എഡിറ്റർ എന്‍.പി. ജിഷാർ, സി.ഒ.ഒ ഇർഷാദുല്‍ ഇസ്ലാം എന്നിവർ സംസാരിച്ചു.
മീഡിയവണിന്റെ വിവിധ വിഭാഗങ്ങളിലെ മേധാവികളും ജീവനക്കാരുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്തു. മീഡിയവണ്‍ കോഴിക്കോട് റീജനല്‍ ബ്യൂറോ ചീഫ് മുഹമ്മദ് അസ്ലം സ്വാഗതവും സീനിയർ കാമറപേഴ്സൻ സനോജ് കുമാർ ബേപ്പൂർ നന്ദിയും പറഞ്ഞു. മീഡിയവണ്‍ അക്കാദമി വിദ്യാർഥികളും അധ്യാപകരും തയാറാക്കിയ 'എന്തു പ്രഹസനമാണ് പ്രജാപതി' എന്ന തെരുവുനാടകവും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.