നോമ്പുതുറ സമയം കവർച്ചക്കായി തിരഞ്ഞെടുത്തു, സ്കൂട്ടർ മറിച്ചിട്ട് സ്വർണ്ണാഭരണങ്ങളുമായി കടന്നു; മലപ്പുറം കാട്ടുങ്ങലിലെ സ്വർണ കവർച്ചയിൽ സഹോദരങ്ങൾ അറസ്റ്റിൽ
text_fieldsസിവേഷ്, ബെൻസു
മഞ്ചേരി: മലപ്പുറം കാട്ടുങ്ങലിൽ സ്വർണ്ണാഭരണ വ്യാപാരികളെ ആക്രമിച്ച് 117 പവൻ സ്വർണ്ണം കവർന്ന കേസിൽ രണ്ട് പ്രതികൾ പിടിയിൽ. തിരൂർക്കാട് കടവത്ത് പറമ്പ് വീട്ടിൽ സിവേഷ് (34), സഹോദരൻ ബെൻസു (39) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ മൂന്നാമതൊരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ആഭരണങ്ങൾ കൊണ്ടുവന്ന നിഖില ബാംഗിൾസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സിവേഷാണ് കവർച്ചയുടെ മുഖ്യ സൂത്രധാരൻ. സ്ഥാപനത്തിലെ സ്വർണ്ണം ജില്ലയിലെ വിവിധ ജ്വല്ലറികളിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചുവരുന്നതും ഇയാൾക്ക് കൃത്യമായി അറിയാമായിരുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് ഇയാൾ ആസൂത്രണം നടത്തി സഹോദരനായ ബെൻസുവിനെയും മറ്റ് പ്രതികളെയും വിവരങ്ങൾ അറിയിച്ച ശേഷം കവർച്ചക്ക് പദ്ധതി തയാറാക്കുകയായിരുന്നു.
നോമ്പുതുറക്കുന്ന സമയത്ത് റോഡിൽ വാഹനങ്ങളും ആളുകളും കുറവായതിനാൽ ഈ സമയത്താണ് കവർച്ച നടത്താൻ പ്രതികൾ തീരുമാനിച്ചത്. ആസൂത്രണം ചെയ്തതനുസരിച്ച് സ്വർണ്ണാഭരണങ്ങളുമായി സ്കൂട്ടറിൽ വരുന്നവരെ കടകളിൽ വെള്ളം കുടിക്കാനായി കയറിയിറങ്ങി കൂട്ടുപ്രതികൾക്ക് ആക്രമിക്കാൻ സൗകര്യമൊരുക്കി നൽകി. ആളൊഴിഞ്ഞ ഭാഗത്ത് സ്കൂട്ടർ നിർത്തി മറ്റു പ്രതികൾ സ്കൂട്ടർ മറിച്ചിട്ട് സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
പ്രതികൾ രക്ഷപ്പെടുന്നത് കണ്ട് സംശയം തോന്നിയ ഇരുമ്പുഴി സ്വദേശി മുഹമ്മദ് മുൻഷിർ പ്രതികളെ പിന്തുടർന്ന് ബൈക്കിന്റെ ഫോട്ടോ എടുത്ത് മഞ്ചേരി പൊലീസിന് കൈമാറിയത് കേസിൽ നിർണായകമായി.
മലപ്പുറം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിൻറെ നിർദ്ദേശ പ്രകാരം മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജുവിന്‍റെ നേതൃത്വത്തിൽ മഞ്ചേരി എസ്.എച്ച്.ഒ എ.എസ്.പി ഡോ.എം. നന്ദഗോപൻ, പൊലീസ് ഇൻസ്പെക്ടർ പ്രതാപ് കുമാർ, പെരിന്തൽമണ്ണ ഡിവൈ.എസ്.പി. പ്രേംജിത്ത്, പെരിന്തൽമണ്ണ എസ്.എച്ച്.ഒ സുമേഷ് സുധാകരൻ, പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടർ ശ്രീനിവാസൻ, മലപ്പുറം എസ്.എച്ച്.ഒ വിഷ്ണു, മലപ്പുറം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ്.കെ. പ്രിയൻ, മഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എ.എസ്.ഐമാരായ ഗിരീഷ്, അബ്ദുൾ വാഷിദ്, അനീഷ് ചാക്കോ, ഫിറോസ്, എസ്.സി.പി.ഒ തൗഫീഖുള്ള മുബാറഖ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.