സഹോദരങ്ങൾക്ക് സ്റ്റേഷനിൽ മർദനം: പൊലീസിന് ക്ലീൻചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട്
text_fieldsആലപ്പുഴ: ഫർണിച്ചർ സ്ഥാപന ഉടമകളായ സഹോദരങ്ങളെ നൂറനാട് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിക്കുകയും കള്ളക്കേസ് ചുമത്തി ജയിലിലടക്കുകയും ചെയ്തെന്ന സംഭവത്തിൽ പൊലീസിനെ വെള്ളപൂശി ഡിവൈ.എസ്.പിയുടെ റിപ്പോർട്ട്. പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്നും മജിസ്ട്രേറ്റിന് മുന്നിൽ പരാതിപ്പെടാതിരുന്ന പ്രതികൾ പിന്നീട് ഹരജിയുമായി പോയത് ഗൂഢാലോചനയാണെന്നും റിപ്പോർട്ടിലുള്ളതായാണ് സൂചന. മർദനത്തിന്റേതെന്ന പേരിൽ ഹാജരാക്കിയ ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയമുണ്ട്. ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ ഹാജരാക്കിയിട്ടില്ല. പകരം സീഡിയാണ് നൽകിയത്. സബ് ഇൻസ്പെക്ടറുടെ മുറിയിൽവെച്ച് ഇരു കക്ഷികളുമായി സംസാരിക്കുന്നതിനിടെ പ്രതികൾ പ്രകോപിതരായി പൊലീസിന് നേരെ തിരിയുകയായിരുന്നു. പിടിച്ചുതള്ളിയെന്ന എസ്.ഐയുടെ മൊഴിയുണ്ട്. എന്നാൽ, പൊലീസ് മർദിച്ചതിന് തെളിവില്ലെന്നും റിപ്പോർട്ട് പറയുന്നു.
പൊലീസ് അതിക്രമത്തിന്റെ പേരിൽ ഹൈകോടതിയുടെ വിമർശനം ഏറ്റുവാങ്ങിയ സംഭവത്തിലാണ് പൊലീസിനെ ന്യായീകരിക്കുന്ന റിപ്പോർട്ട്. റിപ്പോർട്ട് അടുത്ത ദിവസം കോടതിയിൽ സമർപ്പിക്കും.
കോട്ടയം പായിപ്പാട് കോതപ്പാറവീട്ടിൽ ഷാൻമോൻ (27), സഹോദരൻ സജിൻ റജീബ് (24) എന്നിവരെ നൂറനാട് പൊലീസ് ദേഹോപദ്രവം ഏൽപിക്കുകയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നുവെന്നാണ് പരാതി. മർദനദൃശ്യങ്ങൾ സഹിതമാണ് പ്രതികൾ കോടതിയെ സമീപിച്ചത്. സംഭവത്തിൽ ഹൈകോടതി പൊലീസിനെ വിമർശിക്കുകയും ജുഡീഷ്യൽ സംവിധാനങ്ങളെ പരിഹസിക്കുന്ന നടപടിയാണിതെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. ചുനക്കര സ്വദേശി അബ്ദുൽ റഹ്മാന്റെ പരാതിയിലാണ് ഇവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയതെന്നും എന്നാൽ, ചോദ്യം ചെയ്യുന്നതിനിടെ ഇവർ തങ്ങളെ ആക്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.