പിണറായിയിലെ സഹോദരങ്ങളുടെ മരണം: പൊലീസ് അന്വേഷണം തുടങ്ങി
text_fieldsതലശ്ശേരി: പിണറായിയിൽ സഹോദരങ്ങളുടെ ദുരൂഹമരണം സംബന്ധിച്ച് പിണറായി പൊലീസ് അന്വേഷണം തുടങ്ങി.
ജ്യേഷ്ഠനെ കൊലപ്പെടുത്തിയ ശേഷം അനുജൻ തൂങ്ങിമരിച്ചതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
ശാസ്ത്രീയ തെളിവുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ ഇത് ഉറപ്പിക്കാനാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. പിണറായി കിഴക്കുംഭാഗം തയ്യിൽ മടപ്പുരക്ക് സമീപം രാധിക നിവാസിൽ സുകുമാരൻ (60), അനുജൻ രമേശൻ (54) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചക്കുശേഷം വീട്ടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്.
സുകുമാരെൻറ മൃതദേഹം കട്ടിലിലും രമേശനെ ഉത്തരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലുമാണ് കണ്ടത്. മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു. മൃതദേഹം കാണപ്പെട്ട മുറിയിൽ ചോരപുരണ്ട കയർ കണ്ടെത്തിയിരുന്നു. സുകുമാരെൻറ വസ്ത്രത്തിലും മൃതദേഹത്തിലും ചോരക്കറയുണ്ടായിരുന്നു. മുറിയിൽ പിടിവലി നടന്നതിെൻറ ലക്ഷണങ്ങളുമുണ്ട്.
അവിവാഹിതരായ ഇരുവരും ഒരുമിച്ച് ഒറ്റമുറിയിലാണ് താമസം. മാതാപിതാക്കളായ നാണോത്ത് കൃഷ്ണനും കല്യാണിയും നേരത്തെ മരിച്ചു. സഹോദരിമാരായ സുജാതയും രാധയും ആശ്രമത്തിൽ കഴിയുന്നതായാണ് വിവരം. പിണറായിയിലെ പലഹാര നിർമാണ കമ്പനിയിലായിരുന്നു സുകുമാരൻ ജോലി ചെയ്തിരുന്നത്.
രമേശൻ തലശ്ശേരിയിലെ അച്ചടി സ്ഥാപനത്തിൽ താൽക്കാലിക ജീവനക്കാരനാണ്. ഏതാനും ദിവസം മുമ്പ് ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ രമേശൻ വീടിനടുത്ത സുഹൃത്തിനെ ഏൽപിച്ചിരുന്നത്രെ. രണ്ടുദിവസമായി ഇരുവരെയും വീടിന് പുറത്ത് കാണാനില്ലായിരുന്നു. പതിവായി ഭക്ഷണം വാങ്ങാനെത്തുന്ന ഹോട്ടലിലും കാണാതായതോടെ നാട്ടുകാർ വെള്ളിയാഴ്ച ഉച്ചക്ക് അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീട്ടിനകത്ത് മൃതദേഹങ്ങൾ കണ്ടത്.
തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ, ധർമടം സി.ഐ ശ്രീജിത്ത് കൊടേരി എന്നിവർ സ്ഥലത്തെത്തി പരിേശാധന നടത്തി. കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവെടുത്തു.
പരിശോധനയിൽ സുകുമാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പോസ്റ്റുമോർട്ടം നടത്തിയില്ല.
എന്നാൽ, രമേശെൻറ കോവിഡ് പരിശോധന ഫലം നെഗറ്റിവായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കോവിഡ് വ്യാപന ഭീതിയിൽ പിണറായി ബസാർ അടച്ചിട്ടശേഷം കരുതൽ നടപടികൾ സ്വീകരിച്ചുവരുന്നതിനിടയിലാണ് സഹോദരങ്ങൾ വീട്ടിനകത്ത് മരിച്ചത് പുറംലോകമറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.