മാരാമൺ കൺവെൻഷനെത്തിയ സഹോദരങ്ങൾ മുങ്ങിമരിച്ചു; മൂന്നാമനായി തിരച്ചിൽ തുടരുന്നു
text_fieldsകോഴഞ്ചേരി: മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാനെത്തി പമ്പാനദിയിൽ ഒഴുക്കിൽപെട്ട് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. മൂന്നാമനായി രാത്രി വൈകിയും തിരച്ചിൽ തുടരുന്നു. മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം മെറി നിവാസിൽ അനിയൻകുഞ്ഞിന്‍റെ മക്കളായ മെറിൻ (18), സഹോദരൻ മെഫിൻ (15) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചെട്ടികുളങ്ങര തോണ്ടപ്പുറത്ത് രാജുവിന്‍റെ മകൻ എബിനെ (24) കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ശനിയാഴ്ച വൈകീട്ട് 5.30ഓടെ മാരാമൺ കൺവെൻഷൻ നഗറിനു ഒരു കിലോമീറ്റർ താഴെ ആറന്മുള പരപ്പുഴക്കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
ഏറെ നേരത്തെ തിരച്ചിലിനുശേഷം രണ്ടുപേരുടെ മൃതദേഹങ്ങൾ നിക്ഷേപമാലിക്കടവിനു സമീപത്തുനിന്ന് കണ്ടെടുത്തു. മാരാമൺ കൺവെൻഷനിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞു നടന്ന മാർത്തോമ യുവജനസഖ്യം യുവവേദി യോഗത്തിൽ പങ്കെടുക്കാൻ ചെട്ടികുളങ്ങര മാർത്തോമ പള്ളിയിൽനിന്നെത്തിയ സംഘമാണ് അപകടത്തിൽപെട്ടത്. ബൈക്കുകളിലാണ് ഇവർ മാരാമണ്ണിലെത്തിയത്. യോഗത്തിനുശേഷം എട്ടംഗ സംഘം കുളിക്കാൻ കൺവെൻഷൻ നഗറിനു താഴെ പമ്പാനദിയുടെ പരപ്പുഴ കടവിലേക്കു നീങ്ങി.
നദിയുടെ ആഴമുള്ള ഭാഗത്തേക്കാണ് ഇവർ ഇറങ്ങിയതെന്നു പറയുന്നു. അഞ്ചുപേരാണ് നദിയിൽ ഇറങ്ങിയത്. സഹോദരൻ മെറിൻ മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മെഫിൻ ഒഴുക്കിൽപെടുന്നത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എബിൻ ഒഴുക്കിൽപെട്ടത്. മൂന്നുപേർ ഒഴുക്കിൽപെട്ടതറിഞ്ഞു നാട്ടുകാരും കൺവെൻഷന് എത്തിയവരും പൊലീസും ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒരു മണിക്കൂറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി.
അശാസ്ത്രീയ മണൽ വാരൽമൂലം പമ്പയുടെ ഗതി തന്നെ മാറിയതിനാൽ സ്ഥിരമായി നദിയിൽ എത്തുന്നവർക്ക് പോലും ഒഴുക്കറിയാൻ ബുദ്ധിമുട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞ് സഭാ സഞ്ചാര സെക്രട്ടറി സജി പി. സൈമന്റെ നേതൃത്വത്തിൽ നിരവധി വൈദികരും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാറ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉഷാ കുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാൻ മാത്യു തുടങ്ങിയവരും കോഴഞ്ചേരി തഹസിൽദാർ അടക്കം റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.