ബ്രൗൺ പെയിൻറിൽ ‘കുളിച്ച്’ കേരള പൊലീസ്; തലപ്പത്ത് ഭിന്നത രൂക്ഷം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ഒരു പ്രത്യേക കമ്പനിയുടെ ഒലിവ് ബ്രൗൺ നിറത്തിലെ പെയിൻറ് അടിക്കണമെന്ന മുൻ ഡി.ജി.പിയുടെ ഉത്തരവിനെക്കുറിച്ച് അന്വേഷിക്കാനുള്ള ഡി.ജി.പി ടി.പി. സെൻകുമാറിെൻറ നിർദേശം പൊലീസ് സേനയിലെ ഭിന്നത രൂക്ഷമാക്കുന്നു.
സെൻകുമാറിനെയും ബെഹ്റയെയും അനുകൂലിച്ച് സേനാംഗങ്ങളും െഎ.പി.എസ് അസോസിയേഷൻ അംഗങ്ങളും ചേരിതിരിഞ്ഞിരിക്കയാണ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സെൻകുമാർ അധികാരം ഏൽക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് ബെഹ്റ ഇറക്കിയ ഉത്തരവാണിത്. ഇൗ ഇടപാടിന് പിന്നിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നെന്ന ആരോപണവുമുണ്ട്.
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഡ്യൂലക്സ് കമ്പനിയുടെ പെയിൻറടിക്കണമെന്നാണ് ബെഹ്റ ഉത്തരവിറക്കിയത്. ഇതിനെക്കുറിച്ച് പൊലീസ് ആസ്ഥാനത്തെ അഡീഷനൽ എ.ഐ.ജി ഹരിശങ്കറിനോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സെൻകുമാർ നിർദേശിച്ചത്. ടെൻഡർ നടപടികൾ ഉൾപ്പെടെ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം. എന്നാൽ, ഇത് ബെഹ്റക്കെതിരെയുള്ള സെൻകുമാറിെൻറ നീക്കമായി വ്യാഖ്യാനിക്കപ്പെടുന്നു.
എന്നാൽ, തെൻറ ഉത്തരവിൽ യാതൊരു അസ്വാഭാവികതയുമില്ലെന്നാണ് ഇപ്പോൾ വിജിലൻസ് ഡയറക്ടറായ ബെഹ്റ സർക്കാറിന് നൽകിയ വിശദീകരണം. നിരവധിതവണ പരീക്ഷിച്ചശേഷം ഏകീകൃത നിറമെന്ന നിലയിലാണ് സംസ്ഥാനത്തെ 470 പൊലീസ് സ്റ്റേഷനിലും ഇൗ പെയിൻറ് അടിക്കാൻ നിർദേശം നൽകിയതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നാല് തവണ അടിച്ചശേഷം ഹെഡ്ക്വാർേട്ടഴ്സ് എ.ഡി.ജി.പിയും ഡി.െഎ.ജിയും പരിശോധിച്ചു. എന്നിട്ടാണ് ഇൗ പെയിൻറ് ഉറപ്പിച്ചത്. സെൻകുമാറിെൻറ കാലത്താണ് ഇൗ തീരുമാനമെടുത്തതെന്നും ബെഹ്റ ചൂണ്ടിക്കാട്ടുന്നു.
പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷനാണ് ഇൗ നിറം നിർദേശിച്ചതെന്നും പ്രത്യേക കമ്പനിയുടെ പെയിൻറ് വാങ്ങാൻ ഉത്തരവ് നൽകിയിട്ടില്ലെന്നുമാണ് ബെഹ്റയുടെ വിശദീകരണം. എന്നാൽ, ഇടപാടിൽ ടെൻഡർ നടപടികൾ പാലിച്ചിട്ടില്ലെന്നത് പരിശോധിക്കാനാണ് ഡി.ജി.പി നിർദേശിച്ചതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.