ബി.ആർ.പി. ഭാസ്കർ; മനഃസാക്ഷിയുടെ സ്വരം
text_fields‘‘എന്തൊക്കെയാണടോ, അവിടെ വിശേഷം?’’മിക്കവാറും എല്ലാ മാസവും മുടങ്ങാതെ ചിരിയോടെ ഫോണിൽ വരുന്ന ആ അന്വേഷണം ഇനി ഇല്ല. വാസ്തവത്തിൽ മിക്കപ്പോഴും ആ വിളി വരുമ്പോൾ എന്റെ മനസ്സിൽ ആദ്യം നിറഞ്ഞത് ഒരു കുറ്റബോധമായിരുന്നു. അദ്ദേഹത്തെ അങ്ങോട്ട് വിളിച്ചു നടത്തേണ്ട ഈ അന്വേഷണത്തിൽ ഞാൻ വീണ്ടും മുടക്കം വരുത്തിയല്ലോ എന്ന കുറ്റബോധം. സ്വന്തം ഔന്നത്യവും പ്രായവും അനാരോഗ്യവും മാത്രമല്ല ഒട്ടേറെ വ്യക്തിപരമായ മഹാ സങ്കടങ്ങളും മാറ്റിവെച്ച് തന്നേക്കാൾ എത്രയോ താഴെയുള്ളവരെ പതിവായി അങ്ങോട്ടു വിളിച്ച് സുഖാന്വേഷണം നടത്തുന്ന ഇങ്ങനെ ഒരാളെ മാത്രമേ എനിക്ക് പരിചയമുള്ളൂ. ഞാൻ മാത്രമല്ല എത്രയോ പേർ സമാനമായ ഈ അനുഭവം ഇന്ന് ഓർക്കുമെന്ന് എനിക്കുറപ്പാണ്.
വ്യക്തിബന്ധങ്ങളിൽ മാത്രമല്ല ബി.ആർ.പി പുലർത്തിയ സവിശേഷത. ശാരീരികവും മാനസികവുമായ എല്ലാ ബുദ്ധിമുട്ടുകൾക്കും നടുവിൽ നിൽക്കുമ്പോഴും അദ്ദേഹം ജീവിതത്തോടും നിസ്വവിഭാഗങ്ങളോടും പുലർത്തിയ ആഭിമുഖ്യവും മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന അധികാരികളോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധവും അന്യാദൃശം ആയിരുന്നു. മലയാളി മനസ്സാക്ഷിയുടെ സ്വരം എന്ന് ഇന്ന് പറയാൻ കഴിയുന്ന അവസാനത്തെ ആൾ.
കൊല്ലത്ത് സാമൂഹിക പ്രവർത്തകനും പത്രാധിപരുമായ അച്ഛൻ എ.കെ. ഭാസ്കറിന്റെ ‘നവഭാരതം’പത്രമാഫീസിൽ ചെലവഴിച്ച ബാല്യം. ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിൽ സജീവമായ കൗമാരം. അക്കാലത്ത് ഒരു നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വേളയിൽ സി.പി.ഐയുടെ പോളിങ് ഏജൻറ് ആയി ബൂത്തിലിരുന്ന ആ പയ്യൻ അതികായനായ സ്ഥാനാർഥി പട്ടം താണുപിള്ള ബൂത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ ചങ്കൂറ്റക്കാരനായി. മദിരാശിയിൽ ‘ഹിന്ദു’വിൽ ആയിരുന്നു പത്രപ്രവർത്തകനായി ബി.ആർ.പിയുടെ തുടക്കം. അവിടെ ഒരു ഘട്ടത്തിൽ പത്രപ്രവർത്തക
സംഘടനയിൽ സജീവമായതോടെ ആദർശങ്ങൾ ഉയർത്തിപ്പിടിച്ച് രാജിവെച്ചു. തുടർന്ന് ഡൽഹിയിൽ ആദ്യം സ്റ്റേറ്റ്സ്മാനിലും പിന്നെ എടത്തട്ട രാഘവന്റെ കീഴിൽ പാട്രിയറ്റ് പത്രത്തിന്റെ ആരംഭം മുതലും അതിന്റെ മുൻനിരയിലായ ബി.ആർ.പി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയടക്കമുള്ള പ്രമുഖരെ അഭിമുഖം ചെയ്തു. തന്റെ നിലപാടുകളിൽ ഒത്തുതീർപ്പ് ചെയ്യാൻ തയാറാകാതെ അവിടെനിന്ന് അദ്ദേഹം സ്വയം ഒഴിഞ്ഞു. പിന്നീട് യു.എൻ.ഐ ലേഖകനായി ഗുജറാത്തിലും മറ്റും ദീർഘകാലം. അക്കാലത്ത് വിക്രം സാരാഭായിയുടെ ഏറ്റവും വിശ്വസ്തനായ പത്രലേഖകനായിരുന്നു. അതിനിടെ ഫിലിപ്പീൻസിൽ കുറെക്കാലം ചെലവഴിച്ച അദ്ദേഹം വിരമിച്ചശേഷം ബംഗളൂരുവിൽ ഡെക്കാൻ ഹെറാൾഡിലും പ്രവർത്തിച്ചു. എല്ലായിടത്തും മൂല്യാധിഷ്ഠിത പത്രപ്രവർത്തനത്തിൽനിന്ന് അണുവിട മാറിയില്ലെന്നു മാത്രമല്ല അദ്ദേഹം പത്രപ്രവർത്തകരുടെ അവകാശങ്ങൾക്കായും സജീവമായി നിലകൊണ്ടു. ഇതിനൊക്കെയായി വലിയ പ്രലോഭനങ്ങളെ അവഗണിക്കാനും ഒട്ടേറെ നഷ്ടങ്ങൾ ഏറ്റുവാങ്ങാനും അദ്ദേഹം ഒരിക്കലും മടിച്ചില്ല. തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കാനെത്തിയപ്പോഴാണ് ഏഷ്യാനെറ്റ് ചാനലിന്റെ സ്ഥാപകരിൽ ഒരാളായത്. ആദിവാസികളടക്കമുള്ള അടിച്ചമർത്തപ്പെട്ടവരുടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാളി ആയതും തെരുവുകളിലടക്കം പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായതും അക്കാലത്താണ്.
വാർധക്യം പിന്നിടാൻ ഭാര്യ രമയോടൊപ്പം മദിരാശിയിൽ ഏക മകൾ ബിന്ദുവിന്റെ കുടുംബത്തിന്റെ കൂടെ താമസിക്കാൻ അദ്ദേഹം പോയത് ഏതാണ്ട് ഒരു ദശാബ്ദം മുമ്പായിരുന്നു. കേരളം വൃദ്ധജനങ്ങൾക്ക് പറ്റിയ ഇടമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പക്ഷേ മദിരാശിയിൽ വെച്ചുണ്ടായ മകളുടെ അകാല നിര്യാണം അദ്ദേഹത്തിന്റെ ഏറ്റവുംവലിയ സ്വകാര്യ ദുഃഖമായി. ഏതാനും വർഷങ്ങൾക്കുശേഷം പക്ഷാഘാതം നേരിട്ട ഭാര്യയുടെ സമ്പൂർണ ശുശ്രൂഷയും ഏറ്റെടുത്തത് ബി.ആർ.പിയായിരുന്നു. വ്യക്തിപരമായ ദുരനുഭവങ്ങളുടെ ഈ ഇരുണ്ട കാലത്തും എഴുത്തിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും ബി.ആർ.പി തന്റെ ആദർശനിഷ്ഠമായ ജീവിതസപര്യ തുടർന്നു.
ഭാര്യയുടെ മരണത്തെ തുടർന്ന് അദ്ദേഹവും ഗുരുതരമായ രോഗത്തിന്റെ പിടിയിലായി. അതിൽനിന്ന് മുക്തനായതിനെ തുടർന്നാണ് ഏതാനും മാസം മുമ്പ് മദിരാശി വിട്ട് ബി.ആർ.പി തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയത്. മടങ്ങിയെത്തിയ ബി.ആർ.പിയെ കാണാൻ അദ്ദേഹത്തിന്റെ സഹോദരി ഡോ. മണിബെന്നിന്റെ കിള്ളിപ്പാലത്തെ വസതിയിൽ ചെന്ന ഞങ്ങളെ അദ്ദേഹം വീണ്ടും അമ്പരപ്പിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ ചിന്തകളും ഓർമകളും സജീവമായിരുന്നു. ‘കാഴ്ചക്ക് അൽപം മങ്ങലുണ്ടെന്നല്ലാതെ വേറെ പ്രശ്നമൊന്നുമില്ല. പക്ഷേ ഇനി ആയുസ്സ് തുടരണമെന്നില്ല’എന്ന് അദ്ദേഹം പറഞ്ഞു. ഊന്നുവടിയുടെ സഹായത്തോടെ ഞങ്ങളെ പടിവാതിൽക്കൽ വന്ന് സ്വീകരിച്ച അദ്ദേഹത്തിന്റെ ആ മനോഹരമായ മന്ദഹാസത്തിനും മങ്ങലുണ്ടായിരുന്നില്ല. ഒരു മണിക്കൂറോളം മാങ്ങാട് രത്നാകരനും സി. അനൂപും ഞാനും ചേർന്ന സംഘത്തോട് അദ്ദേഹം ഉന്മേഷത്തോടെ സംസാരിച്ചു. ലോകത്തു നടക്കുന്ന സകല കാര്യങ്ങളിലും പുലർത്തിയ അദ്ദേഹത്തിന്റെ അടങ്ങാത്ത താൽപര്യവും അനീതികളോടുള്ള ജ്വലിക്കുന്ന രോഷവും ഒക്കെ ഞങ്ങൾക്ക് പകർന്ന യൗവനവും ഊർജവും നിസ്സാരമായിരുന്നില്ല. ടി.കെ. വിനോദന്റെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലിൽ സംഘടിപ്പിച്ച 92ാം ജന്മദിനാഘോഷത്തിലും സന്തോഷപൂർവം അദ്ദേഹം പങ്കെടുത്തു.
തിരുവനന്തപുരത്തെത്തി ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ബി.ആർ.പി നഗരപ്രാന്തത്തിലെ പുളിയറക്കോണത്ത് മനോഹരമായ ഒരു വൃദ്ധസദനത്തിലേക്ക് താമസം മാറിയിരുന്നു. അവിടെയും പലതവണ അദ്ദേഹത്തെ സന്ദർശിച്ചപ്പോഴും ആ സൂക്ഷ്മനിരീക്ഷണവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ഞങ്ങളെ ആവേശം കൊള്ളിച്ചു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവിയെ എങ്ങനെയൊക്കെ ബാധിക്കുമെന്നതായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ പ്രധാന ഉത്കണ്ഠ. ഭരണഘടനയുടെ പല അടിസ്ഥാന മൂല്യങ്ങളിലും വിശ്വാസമില്ലാത്ത ബി.ജെ.പി വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറിയാൽ രാജ്യത്തിന്റെ അവസ്ഥ എന്താകുമെന്ന് അദ്ദേഹം വേവലാതി പൂണ്ടു. പക്ഷേ ഇന്ത്യൻ ജനാധിപത്യത്തിന്റെ അതിജീവനശേഷിയിൽ അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. തന്റെ വിശ്വാസം തീരെ അസ്ഥാനത്തായില്ലെന്ന് തെളിഞ്ഞ ചരിത്രപ്രധാനമായ തെരഞ്ഞെടുപ്പ് വിധി അറിയുന്നതിന് മണിക്കൂറുകൾക്കു മാത്രം മുമ്പായിപ്പോയി അദ്ദേഹത്തിന്റെ യാത്ര.
ജീവിതാന്ത്യംവരെ സ്വന്തം മൂല്യങ്ങളിൽ ഉറച്ചുനിൽക്കാനും അവക്കായി അവിശ്രമം പോരാടാനും എത്ര ശക്തരായ അധികാരികളുടെയും മുഖത്തുനോക്കി സത്യം തുറന്നുപറയാനും ഒരിക്കലും മടിച്ചിട്ടില്ലാത്ത ബി.ആർ.പി വലിയ ശാരീരിക വിഷമങ്ങൾ കൂടാതെയാണ് തന്റെ സുദീർഘമായ ധന്യജീവിതം പൂർത്തിയാക്കിയെന്നത് ആശ്വാസകരം. പക്ഷേ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.