യുവാവിനെ ക്രൂരമായി മർദിച്ചപ്പോൾ നോക്കിനിന്ന ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ
text_fieldsകോഴിക്കോട്: സാമ്പത്തിക ഇടപാട് തർക്കത്തിൽ ഒമ്പതംഗ സംഘം യുവാവിനെ ക്രൂരമായി മർദിച്ചപ്പോൾ കാഴ്ചക്കാരനായെന്ന് പരാതി ഉയർന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. ഹംസയെയാണ് സസ്‌പെൻഡ് ചെയ്ത് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്.
നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡി.ജി.പിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. അച്ചടക്ക സേനയിലെ അംഗമെന്ന നിലയിൽ ഗുരുതര കൃത്യവിലോപം കാണിച്ചെന്നും കുറ്റക്കാരനായ ഉദ്യോഗസ്ഥൻ തൽസ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
സെപ്റ്റംബർ 20നാണ് കേസിനാസ്പദമായ സംഭവം. സരോവരത്തിന് എതിർഭാഗത്തെ ഹോട്ടലിനു പിന്നിലെ പാർക്കിങ് സ്ഥലത്തുവെച്ചാണ് മുക്കം മണാശ്ശേരി സ്വദേശിയെ ഒമ്പതംഗ സംഘം മർദിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തുന്നതിനും ഡിവൈ.എസ്.പി സാക്ഷിയായെങ്കിലും മർദനം തടയുകയോ പൊലീസിനെ അറിയിക്കുകയോ ചെയ്തില്ല. ഈ സാഹചര്യത്തിലാണ് മർദനമേറ്റ യുവാവ് ഡിവൈ.എസ്.പിയുടെ പങ്കുൾപ്പെടെ ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് മേധാവി ടി. നാരായണന് പരാതി നൽകിയത്.
തുടർന്ന് പ്രാഥമികാന്വേഷണത്തിൽ ഡിവൈ.എസ്.പിക്കെതിരായ പരാതി വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ടതോടെ ഉദ്യോഗസ്ഥനെ മൂന്നാം പ്രതിയാക്കി കേസെടുത്തു. ഡിവൈ.എസ്.പി ഒന്നാംപ്രതിയുടെ ഹോട്ടലിലെ മുറിയിലേക്ക് പോകുന്നതുൾപ്പെടെയുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.