വനം വകുപ്പിന്റെ ക്രൂരത: ആദിവാസി കുടിലുകൾ പൊളിച്ചുനീക്കി, കുടുംബങ്ങൾ പെരുവഴിയിൽ
text_fieldsമാനന്തവാടി: മനഃസാക്ഷിയെ നടുക്കുന്ന തരത്തിൽ വനം വകുപ്പിന്റെ കൊടും ക്രൂരത. മുന്നറിയിപ്പില്ലാതെ ആദിവാസികളുടെ കുടിലുകൾ പൊളിച്ചുനീക്കി. വിധവയും പ്രായമായവരും കുട്ടികളുമടങ്ങുന്ന ആദിവാസി കുടുംബങ്ങൾ പെരുവഴിയിായി. തിരുനെല്ലി പഞ്ചായത്തിലെ നാലാം വാർഡായ ബേഗുർ കൊല്ലി മൂലയിലാണ് വനം വകുപ്പ് കുടിലുകൾ പൊളിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് വനഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നുവെന്ന പേരിൽ കുടിലുകൾ പൂർണമായി പൊളിച്ചത്. വിധവയായ മീനാക്ഷി, അനിൽ, ലക്ഷ്മി എന്നിവരുടെ കുടിലുകളാണ് പൊളിച്ചത്. വനാവകാശ നിയമം കാറ്റിൽ പറത്തിയാണ് വനം വകുപ്പ് നടപടിയെന്ന് ആരോപണമുണ്ട്. ഒന്നര പതിറ്റാണ്ടിലധികമായി ഇവിടെ താമസിക്കുന്നവരെയാണ് മുന്നറിയിപ്പില്ലാതെ വഴിയാധാരമാക്കിയത്.
വഴിയാധാരകപ്പെട്ടവരെ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ കാട്ടിക്കുളം ബേഗൂർ വനം ഓഫിസിൽ താമസിപ്പിച്ചു. വിവരമറിഞ്ഞ് ടി. സിദ്ദീഖ് എം.എൽ.എ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എം. നിഷാന്ത്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണൻ കണിയാരം, ജില്ല സെക്രട്ടറി മോഹൻദാസ് കാട്ടിക്കുളം എന്നിവർ സ്ഥലത്തെത്തി.
തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി സുരക്ഷ ഏർപ്പെടുത്തി. അതേസമയം രാത്രിയോടെ വനം വകുപ്പുമായി നടത്തിയ ചർച്ചയെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. ആദിവാസികളുടെ കുടിൽ പൊളിച്ച സംഭവത്തിൽ വീട് ഇല്ലാതായ കുടുംബങ്ങൾക്ക് താൽക്കാലികമായി വനംവകുപ്പിന്റെ ഡോർമെറ്ററിയിലും വനം ക്വാർട്ടേഴ്സിലും താമസിക്കാമെന്ന് ടി. സിദ്ദീഖ് എം.എൽ.എയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ വൈൽഡ് ലൈഫ് വാർഡൻ ഉറപ്പ് നൽകി. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.