ബ്രൂവറികൾ അനുവദിക്കുന്നതിൽ കൃത്യത വേണമെന്ന് സമിതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികൾക്കും ബ്ലെൻഡിങ് യൂനിറ്റുകൾക്കും പ്രവർത്തനാനുമതി നൽകുേമ്പാൾ കൂടുതൽ കൃത്യതയും സൂക്ഷ്മപരിശോധനയുമുണ്ടാകണമെന്ന് ഇതുസംബന്ധിച്ച് സർക്കാർ നിയോഗിച്ച സമിതി ശിപാർശ ചെയ്തു. ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ നിയോഗിച്ച, നികുതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ആശാ തോമസ് അധ്യക്ഷയായ നാലംഗ സമിതി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് സമർപ്പിച്ച റിപ്പോർട്ടിലാണ് ശിപാർശ. ശിപാർശകള്‍ മന്ത്രിസഭയോഗം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അഡീ. ചീഫ് സെക്രട്ടറിക്ക് പുറമെ എക്സൈസ് കമീഷണർ (ഇ.സി.ആർ.ബി), എക്സൈസ് ജോയൻറ് കമീഷണർ, ഡെപ്യൂട്ടി കമീഷണര്‍ എന്നിവരടങ്ങിയതായിരുന്നു സമിതി.
സംസ്ഥാനത്ത് ചട്ടങ്ങൾ ലംഘിച്ച് ബ്രൂവറി, ബ്ലെൻഡിങ് യൂനിറ്റുകൾ അനുവദിച്ചത് വിവാദമായിരുന്നു. അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ രംഗത്തെത്തി. എക്സൈസ് കമീഷണറുടെ നിർദേശംപോലും പരിഗണിക്കാതെയാണ് ബ്ലെൻഡിങ് യൂനിറ്റിന് അനുമതി നൽകിയതെന്ന ആക്ഷേപവും ഉയർന്നു. വിഷയം കൂടുതൽ രൂക്ഷമാകുകയും എക്സൈസ് മന്ത്രി, കമീഷണർ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പ്രതിസ്ഥാനത്ത് വരുന്ന നില ഉണ്ടാവുകയും ചെയ്തതോടെ അനുമതി പിൻവലിച്ച് സർക്കാർ തടിയൂരി. തുടർന്നാണ് ബ്രൂവറികൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് മാനദണ്ഡങ്ങൾ തയാറാക്കിനൽകാൻ സർക്കാർ സമിതിയെ നിയോഗിച്ചത്. ലൈസൻസിനായി ലഭിച്ച അപേക്ഷകൾ പരിശോധിക്കാനും സമിതിക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.