ബി.എസ്സി നഴ്സിങ് ഒഴിവുകൾ: മാനേജ്മെന്റിന് നികത്താൻ അനുമതി, സർക്കാറിന് ഹൈകോടതിയുടെ നോട്ടീസ്
text_fieldsകൊച്ചി: അൺഎയ്ഡഡ് സ്വാശ്രയ കോളജുകളിലെ ബി.എസ്സി നഴ്സിങ് മെറിറ്റ് സീറ്റിലെ ഒഴിവുകൾ മാനേജ്മെന്റിന് നികത്താൻ അനുമതി നൽകിയ നടപടി റദ്ദാക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറടക്കം എതിർകക്ഷികളുടെ വിശദീകരണം തേടി. ഇത്തരം കോളജുകളിലെ ഒക്ടോബർ 15നു ശേഷമുള്ള ഒഴിവുകൾ മാനേജ്മെന്റിന് നികത്താമെന്ന ഉത്തരവ് ചോദ്യംചെയ്ത് 85 ശതമാനത്തിലേറെ മാർക്കുണ്ടായിട്ടും പ്രവേശനം നിഷേധിക്കപ്പെട്ട ഒരുകൂട്ടം വിദ്യാർഥികൾ നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് ടി.ആർ. രവി നോട്ടീസയക്കാൻ ഉത്തരവായത്.
എൽ.ബി.എസിന്റെ വെബ്സൈറ്റ് മുഖേന നടത്തിയ പ്രവേശന നടപടികളുടെ ഭാഗമായി റാങ്ക്, സ്പോട്ട് അഡ്മിഷൻ പട്ടികയിൽ ഉൾപ്പെട്ടവരാണ് ഹരജിക്കാർ. അൺഎയ്ഡഡ് സ്വാശ്രയ കോളജിലടക്കം സീറ്റ് വർധിപ്പിക്കുകയും അഞ്ച് കോളജുകൾക്ക് പുതുതായി അനുമതി നൽകുകയും ചെയ്തിട്ടും ഹരജിക്കാർക്ക് പ്രവേശനം ലഭിച്ചില്ല. പുതിയ കോളജുകളുടെ വെബ്സൈറ്റ് ഓപണായിട്ടും മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിൽ അപേക്ഷിക്കാൻ സാധ്യമാകുമായിരുന്നില്ല.
മാനേജ്മെന്റ് സീറ്റുകളിൽ തലവരിപ്പണം നിരോധിച്ചിട്ടുണ്ടെങ്കിലും ഏഴുമുതൽ 12 ലക്ഷം വരെ സ്വാശ്രയ അൺഎയ്ഡഡ് കോളജുകൾ വാങ്ങുന്നുണ്ട്. സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 30ന് നടക്കാനിരിക്കെ 21ലെ ഉത്തരവിലൂടെയാണ് മെറിറ്റ് സീറ്റിലടക്കം മാനേജ്മെന്റിന് പ്രവേശനം നടത്താൻ സ്വാശ്രയ അൺഎയ്ഡഡ് കോളജുകൾക്ക് അനുമതി നൽകി എൽ.ബി.എസ് ഉത്തരവിട്ടത്. സ്വാശ്രയ അൺഎയ്ഡഡുകാരെ സഹായിക്കുന്നതും വിദ്യാഭ്യാസക്കച്ചവടത്തിന് അവസരമൊരുക്കുന്നതും നിയമവിരുദ്ധവുമാണ് ഈ നടപടിയെന്ന് ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.