ബി.എസ്.എഫ് കമാൻഡൻറിൽ നിന്ന് 45 ലക്ഷം പിടിച്ച സംഭവം: സി.ബി.െഎ അന്വേഷിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിൽ സുരക്ഷാചുമതല വഹിച്ചിരുന്ന ബി.എസ്.എഫ് കമാൻഡൻറിൽനിന്ന് 45 ലക്ഷം രൂപ പിടിച്ചെടുത്ത കേസ് ദേശീയ അന്വേഷണ ഏജന്‍സിയുമായി (എൻ.െഎ.എ) ചേർന്ന് സി.ബി.െഎ അന്വേഷിക്കണമെന്ന് ഹൈകോടതി. അതിര്‍ത്തി രക്ഷാസേന പശ്ചിമബംഗാള്‍ 83ാം ബറ്റാലിയന്‍ കമാന്‍ഡൻറായിരുന്ന പത്തനംതിട്ട ഇലന്തൂർ സ്വദേശി ജിബു ഡി. മാത്യു നൽകിയ ജാമ്യ ഹരജി തള്ളിയാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. അതിര്‍ത്തിയിലെ ജോലിക്കിടെ കള്ളക്കടത്തുകാരില്‍നിന്ന് ഇയാള്‍ 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് ട്രെയിനിൽ കായംകുളത്തേക്ക് വരുന്നതിനിടെയാണ് ആലപ്പുഴയില്‍വെച്ച് ജനുവരി 30ന് ഇയാൾ സി.ബി.െഎയുടെ പിടിയിലായത്. സ്യൂട്ട് കേസില്‍നിന്ന് 45,30,500 രൂപയാണ് കണ്ടെടുത്തത്. റിമാൻഡിലുള്ള പ്രതി ജാമ്യം തേടി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
അഴിമതിവിരുദ്ധ നിയമപ്രകാരമാണ് പിടികൂടിയതെങ്കിലും കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ വെളിപ്പെടേണ്ടതുണ്ടെന്ന് സി.ബി.െഎ അറിയിച്ചു. ജാമ്യം നല്‍കുന്നത് ഇയാളുടെ സുരക്ഷയെ ബാധിക്കുമെന്നും സി.ബി.ഐ വാദിച്ചു. കൈയില്‍ എങ്ങനെയാണ് ഇത്രയധികം പണം വന്നതെന്ന് വിശദീകരിക്കാന്‍ ഇയാള്‍ക്കായിട്ടില്ലെന്ന് ജാമ്യഹരജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചു. കള്ളക്കടത്തുകാരില്‍നിന്നുള്ള കൈക്കൂലിയാണെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. തീവ്രവാദികളില്‍നിന്നും കള്ളക്കടത്തുകാരില്‍നിന്നും രാജ്യത്തെ സംരക്ഷിക്കാനാണ് ഇയാളെ അതിര്‍ത്തിയില്‍ നിയോഗിച്ചത്. എന്നാൽ, കള്ളക്കടത്തിന് കൂട്ടുനിന്ന് കൈക്കൂലി വാങ്ങിയെന്നാണ് സി.ബി.ഐയുടെ ആരോപണം. കന്നുകാലികള്‍, ലഹരിമരുന്ന് എന്നിവ കടത്താനും അതിര്‍ത്തി കടക്കാനും ബിഷു ശൈഖ് എന്ന രാജ്യാന്തര കള്ളക്കടത്തുകാരനെ ഇയാള്‍ സഹായിച്ചതായി സി.ബി.ഐ പറയുന്നു.
ഹരജിക്കാരന്‍ ബിഷു ശൈഖ് അടക്കം ബംഗ്ലാദേശിലെ വിവിധ ഫോണ്‍ നമ്പറുകളിലേക്ക് നിരന്തരം ബന്ധപ്പെടാറുണ്ടെന്ന് പരിേശാധനയിൽ കണ്ടെത്തിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ലഭ്യമായിട്ടുള്ളത്. ആരോപണത്തിെൻറ സ്വഭാവവും ഗൗരവവും പരിഗണിക്കുമ്പോള്‍ എൻ.െഎ.എയുമായി ചേർന്ന് അന്വേഷിക്കണമെന്ന സി.ബി.െഎ ആവശ്യം അവഗണിക്കാനാവില്ല. ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയുമാണ്. രാജ്യാന്തര കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഇയാൾക്ക് ജാമ്യം അനുവദിച്ചാൽ രാജ്യം വിടാന്‍ സാധ്യതയുണ്ട്. ജാമ്യം നല്‍കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും വിലയിരുത്തിയാണ് ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.