നാല് നഗരങ്ങളിൽ ബി.എസ്.എൻ.എൽ 4ജി
text_fieldsതിരുവനന്തപുരം: നാല് നഗരങ്ങളിൽ 4ജി സേവനം ആരംഭിക്കാനൊരുങ്ങി ബി.എസ്.എൻ.എൽ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ നഗരപരിധിയിലാണ് ടാറ്റാ കൺസൾട്ടൻസി സർവിസസിന്റെ സാങ്കേതിക സഹായത്തോടെ ആഗസ്റ്റ് മുതൽ 4ജി ലഭ്യമാകുക. 796 ടവറുകളാണ് 4ജിയിലേക്ക് മാറുന്നത്.
ടി.സി.എസ് തയാറാക്കിയ സാങ്കേതികവിദ്യയുടെ പ്രായോഗിക പരീക്ഷണമാണ് ആഗസ്റ്റ് 15 മുതൽ ഒരു മാസം നടക്കുകയെന്നും 2023 മാർച്ചോടെ സംസ്ഥാനവ്യാപകമായി 4ജി സേവനം ലഭ്യമാക്കുമെന്നും ബി.എസ്.എൻ.എൽ അധികൃതർ പറയുന്നു. സ്വകാര്യ ഓപറേറ്റർമാർ 5ജിയിലേക്ക് കടക്കാനൊരുങ്ങുമ്പോഴാണ് ഈ മാറ്റം.
നിലവിൽ പുതിയ വരിക്കാർക്കെല്ലാം 4ജി സിമ്മാണ് നൽകുന്നത്. ഈ നാല് നഗരങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ആരംഭിക്കുന്നതിനാൽ നിലവിൽ 3ജി ഉപയോഗിക്കുന്നവർക്ക് സൗജന്യ 4ജി സിം നൽകും. കാളുകളുടെ വ്യക്തത, ഇന്റർനെറ്റ് വേഗം, ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് നീങ്ങുമ്പോഴുള്ള നെറ്റ്വർക് ക്ഷമത തുടങ്ങിയവ ഉപഭോക്താക്കളുടെ സഹകരണത്തോടെ പരിശോധിക്കും.
4ജി സേവനം ആവശ്യപ്പെട്ട് ആറുവർഷമായി ബി.എസ്.എൻ.എൽ ജീവനക്കാർ പ്രക്ഷോഭത്തിലാണ്. 2019ൽ 4ജി സ്പെക്ട്രം അനുവദിച്ചെങ്കിലും വിദേശ ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന കേന്ദ്ര നിബന്ധന മൂലം ടെൻഡർ റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.