അവധിയില്ലാ ജോലി, വൈകുന്ന ശമ്പളം; ബി.എസ്.എൻ.എൽ ജീവനക്കാർ നടുക്കടലിൽ
text_fieldsതൃശൂർ: ഒരുഭാഗത്ത് മാനേജ്മെൻറിെൻറ പിടിവാശി. മറുഭാഗത്ത് 'മുങ്ങുന്ന കപ്പലിൽ' യാത്ര ചെയ്യുന്നവെൻറ ആശങ്ക. കോവിഡ് കാലത്ത് ബി.എസ്.എൻ.എൽ ജീവനക്കാർക്ക് ജീവിതം അഗ്നിപരീക്ഷണമാവുകയാണ്. രണ്ടാം തരംഗം രൂക്ഷമായിട്ടും കർക്കശ നിലപാടുമായി മുന്നോട്ടുപോകുകയാണ് മാനേജ്മെൻറ്. ഓഫിസ് ജീവനക്കാർക്ക് മൂന്ന് ദിവസം വീട്ടിലും മൂന്നുദിവസം ഓഫിസിലും ജോലി ചെയ്യാം.
സാങ്കേതിക വിഭാഗം ജീവനക്കാർക്ക് അത്തരം ഇളവുകളൊന്നുമില്ല. കോവിഡ് ബാധിതനായാലും പ്രത്യേക അവധിയില്ല. സമ്പർക്കത്തിൽ ഉൾപ്പെട്ടാൽ അതിെൻറ രേഖയുണ്ടെങ്കിൽ വീട്ടിലിരുന്ന് ജോലി അനുവദിക്കും. കണ്ടെയ്ൻമെൻറ് സോണിൽ ഉള്ളവർക്കും സാങ്കേതിക നൂലാമാല താണ്ടിയാണെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യാം. പക്ഷേ, ഓഫിസിൽ എത്തുന്നവർ രാവിലെ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ പകുതി ദിവസത്തെ അവധി നൽകണം.
ഓഫിസുകളിൽ സാനിറ്റൈസറോ ഫീൽഡിൽ പോകുന്നവർക്ക് കൈയുറയോ ഫേസ് ഷീൽഡോ ഒന്നുമില്ല. എല്ലാ സുരക്ഷസംവിധാനങ്ങളും കടലാസിൽ മാത്രം. ഫീൽഡ് ഓഫിസർമാർക്കും ജീവനക്കാർക്കും പുറത്തിറങ്ങാതെ നിർവാഹമില്ല. പല സ്ഥാപനങ്ങളും ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' അനുവദിച്ചതിനാൽ ബി.എസ്.എൻ.എൽ നെറ്റ്വർക്കിന് പതിവിലധികം ആവശ്യക്കാരുണ്ട്, പ്രത്യേകിച്ച് ഫൈബർ നെറ്റ്വർക്കുള്ള സ്ഥലങ്ങളിൽ. ഇതിന് രംഗത്തിറങ്ങണം.
ജല അതോറിറ്റിയുടെ പൈപ്പിടൽ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നതിനാൽ പലയിടത്തും ബി.എസ്.എൻ.എൽ അടക്കമുള്ള നെറ്റ്വർക്കുകളുടെ കേബിൾ പൊട്ടുന്നത് പതിവാണ്. ഇത് പരിഹരിക്കാനും രംഗത്തിറങ്ങണം. ഇങ്ങനെയാണെങ്കിലും ഏപ്രിലിലെ ശമ്പളം ഇപ്പോഴും കിട്ടിയിട്ടില്ല. വരുമാനം കുറഞ്ഞെന്നാണ് മാനേജ്മെൻറ് പറയുന്നത്. കോവിഡ് ബാധിതനായി താൻ ആശുപത്രിയിൽ ആയിരുന്നതിനാൽ ഒന്നും നോക്കാൻ പറ്റിയിട്ടില്ലെന്ന് സി.എം.ഡിയും പണമില്ലാത്തിനാൽ എപ്പോൾ ശമ്പളം വിതരണം ചെയ്യാനാവുമെന്ന് പറയാനാവില്ലെന്ന് ഫിനാൻസ് ഡറയക്ടറും യൂനിയനുകളോട് പ്രതികരിച്ചു.
അവശ്യസേവന വിഭാഗമാണെങ്കിലും കോവിഡ് മുന്നണി പോരാളികളുടെ പട്ടികയിലില്ല. വാക്സിനേഷനിൽ ഉൾപ്പെടെ പരിഗണനയില്ല. അവധിയെടുത്ത് മാറി നിൽക്കാനാവാത്ത ജോലിയും ജോലി ചെയ്താലും വേതനം പോലും കൃത്യമായി കിട്ടാത്ത അവസ്ഥയും കോവിഡ് ഭീഷണിയുമെല്ലാമായി ബി.എസ്.എൻ.എൽ ജീവനക്കാർ നടുക്കടലിലായ സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.