സ്വകാര്യ കമ്പനികൾ താരിഫ് കൂട്ടുമ്പോൾ കാഴ്ചക്കാരായി ബി.എസ്.എൻ.എൽ
text_fieldsതൃശൂർ: സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് കുത്തനെ ഉയർത്തി വൻ നേട്ടമുണ്ടാക്കുമ്പോൾ കാഴ്ചക്കാരായി പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എൽ. ജിയോ 12 മുതൽ 25 ശതമാനം വരെയും എയർടെൽ 11 മുതൽ 21 ശതമാനം വരെയുമാണ് താരിഫ് ഉയർത്തിയത്. നിരക്കുവർധന വരിക്കാരുടെ പോക്കറ്റ് ചോർത്തുമ്പോൾ, ഇതിലൂടെ രണ്ടു കമ്പനികൾക്കും ഏതാണ്ട് 20,000 കോടി രൂപ വീതം അധികവരുമാനം ലഭിക്കുമെന്നാണ് ടെലികോം മേഖലയിലെ വിദഗ്ധർ പറയുന്നത്.
എ.ആർ.പി.യു (ആവറേജ് റവന്യൂ പെർ യൂസർ) കുറവാണെന്ന കാരണം പറഞ്ഞാണ് രണ്ടു സ്വകാര്യ കമ്പനികളും നിരക്ക് വർധിപ്പിച്ചത്. കേന്ദ്ര സർക്കാറും ടെലികോം മന്ത്രാലയവും ഇതിന് തടസ്സം പറഞ്ഞതുമില്ല. എന്നാൽ, 2023-’24 സാമ്പത്തികവർഷം ജിയോ 20,607 കോടിയും എയർടെൽ 7467 കോടിയും അറ്റാദായം നേടിയെന്നതാണ് യാഥാർഥ്യം. ലാഭക്കണക്ക് ഇങ്ങനെയായിരിക്കെ താരിഫ് വർധന അനാവശ്യമായിരുന്നുവെന്നും പഴയ താരിഫിലേക്കു മടങ്ങാൻ രണ്ടു കമ്പനികൾക്കും നിർദേശം നൽകണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ മേഖലയുടെ ഏകപക്ഷീയ കൊള്ളയടിയിൽനിന്ന് ടെലികോം ഉപഭോക്താക്കൾക്ക് രക്ഷയാകേണ്ട ബി.എസ്.എൻ.എൽ ആകട്ടെ, വെറും കാഴ്ചക്കാരാവുകയാണ്.
ജിയോ, എയർടെൽ ഉപഭോക്താക്കൾക്ക് അവിടെനിന്ന് താരിഫ് കുറവുള്ള ബി.എസ്.എൻ.എല്ലിലേക്ക് ചേക്കേറാൻ 4ജി ലഭ്യമാകാത്തത് തടസ്സമായി നിൽക്കുകയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) വെളിപ്പെടുത്തുന്ന കണക്കനുസരിച്ച് 2023-’24 സാമ്പത്തികവർഷം ബി.എസ്.എൻ.എല്ലിനെ ഉപേക്ഷിച്ചുപോയത് 1.8 കോടി വരിക്കാരാണ്. സ്വകാര്യ കമ്പനികളുടെ താരിഫ് നിരക്ക് വളരെ അധികമായിട്ടും അവയുടെ ഉപഭോക്താക്കൾ അതിൽതന്നെ തുടരാൻ നിർബന്ധിതമാകുന്നതും ബി.എസ്.എൻ.എല്ലിന്റെ കാലഹരണപ്പെട്ട സംവിധാനം കാരണമാണ്.
സ്വകാര്യ കമ്പനികൾ ഇപ്പോൾ 5ജിയിൽ എത്തിനിൽക്കുകയാണ്. ബി.എസ്.എൻ.എൽ ആകട്ടെ 4ജിയിൽ എത്താനാകാതെ ഇപ്പോഴും 2ജി, 3ജി യുഗത്തിലാണ്. സോഫ്റ്റ്വെയർ നവീകരണത്തിന് ബി.എസ്.എൻ.എൽ ഇന്ത്യൻ കമ്പനികളുടെ ഉപകരണം മാത്രം വാങ്ങണമെന്ന് ശഠിക്കുകയും ജിയോക്കും എയർടെല്ലിനും വിദേശ ഉപകരണങ്ങൾ വാങ്ങാൻ സ്വാതന്ത്ര്യം നൽകുകയും ചെയ്ത കേന്ദ്രസർക്കാർ നയമാണ് കമ്പനിക്ക് വിനയായത്.
സാഹചര്യം മനസ്സിലാക്കി ബി.എസ്.എൻ.എല്ലിനെ വളരാനും മറ്റു കമ്പനികളോട് മത്സരിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്യൂണിക്കേഷൻസ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് സി.ഐ.ടി.യു ജനറൽ സെക്രട്ടറി തപൻ സെൻ കത്ത് നൽകിയിട്ടുണ്ട്.
ടെലികോം കമ്പനികളുടെ കൊള്ള നിയന്ത്രിക്കണം -എ.എ. റഹീം എം.പി
ന്യൂഡൽഹി: ടെലികോം കമ്പനികൾ താരിഫ് പ്ലാനുകൾ കുത്തനെ കൂട്ടുന്ന പ്രവണത നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് എ.എ. റഹീം എം.പി കേന്ദ്ര വാർത്തവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ജിയോ, എയർടെൽ അടക്കമുള്ള സേവനദാതാക്കൾ 15 മുതൽ 20 ശതമാനം വരെ നിരക്കാണ് വർധിപ്പിച്ചത്. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റും മറ്റ് മൊബൈൽ സേവനങ്ങളും ലഭ്യമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
10,000 4ജി ടവർ സ്ഥാപിച്ചെന്ന്
തദ്ദേശീയ ഉപകരണങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ച 10,000 4ജി ടവറുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചെന്നാണ് ബി.എസ്.എൻ.എല്ലിന്റെ പുതിയ അവകാശവാദം. ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, പടിഞ്ഞാറൻ യു.പി എന്നിവിടങ്ങളിലായി ആദ്യഘട്ടം 4ജി സംവിധാനത്തിലൂടെ പുതിയ എട്ടുലക്ഷം ഉപഭോക്താക്കളിലേക്ക് എത്തിയെന്ന് ബി.എസ്.എൻ.എൽ അവകാശപ്പെട്ടിരുന്നു. സമ്പൂർണ 4ജിയിലേക്ക് എന്ന് എത്തുമെന്ന് പറയാൻ ഇപ്പോഴും കമ്പനിക്ക് സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.