ബി.എസ്.എൻ.എൽ പകുതിയിലേറെ കരാർ ജീവനക്കാരെ ഒഴിവാക്കുന്നു
text_fieldsതൃശൂർ: ബി.എസ്.എൻ.എല്ലിൽ കരാർ തൊഴിലാളികളുടെ എണ്ണം 40 മുതൽ 60 ശതമാനം വരെ കുറക്കാൻ അടിയന്തര നടപടിയുമായി മാനേജ്മെൻറ്. കരാർ തൊഴിലാളികളുടെ എണ്ണവും അതുവഴി കരാർ തൊഴിലിനായുള്ള ചെലവും മൂന്ന് മാസത്തിനകം കുറക്കണമെന്നാണ് നിർദേശം. കേരളം ഉൾപ്പെടെ എല്ലാ സർക്കിൾ മേധാവികൾക്കും തിങ്കളാഴ്ച അയച്ച കത്തിലാണ് നടപടികൾ നിർദേശിച്ചത്. ബി.എസ്.എൻ.എല്ലിെൻറ സേവനത്തിൽ നേരിടുന്ന പ്രതിസന്ധിയും ഉപഭോക്താക്കളുടെ പരാതിയും രൂക്ഷമാക്കാൻ വഴിവെക്കുന്നതാണ് മാനേജ്മെൻറിെൻറ നിർദേശം.
ഒരു സർക്കിളിൽ കരാർ തൊഴിലാളികൾ രണ്ടായിരത്തിൽ അധികമാണെങ്കിൽ 60 ശതമാനം കുറക്കണം. ആയിരത്തിനും രണ്ടായിരത്തിനുമിടയിൽ ഉണ്ടെങ്കിൽ 50 ശതമാനവും 500നും ആയിരത്തിനുമിടയിൽ ആണെങ്കിൽ 40 ശതമാനവുമാണ് കുറക്കേണ്ടത്. എല്ലാ സർക്കിളും അടിയന്തരമായി ഓരോ ബിസിനസ് ഏരിയയിലുമുള്ള കരാർ തൊഴിലാളികളുടെ എണ്ണം അവലോകനം ചെയ്ത് എണ്ണം കുറക്കാൻ പദ്ധതി തയാറാക്കണം. 15 ദിവസത്തിനകം അത് സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും എച്ച്.ആർ ഡയറക്ടർ അരവിന്ദ് വദ്നേക്കർ സർക്കിൾ മേധാവികൾക്കയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ സർക്കിളുകളിലും ടെറിട്ടോറിയൽ, നോൺ ടെറിട്ടോറിയൽ സർക്കിളുകളിലുമായി ഒക്ടോബർ ഒന്നിലെ കണക്ക് പ്രകാരം 30,332 കരാർ തൊഴിലാളികളാണുള്ളത്. 2019 സെപ്റ്റംബർ 30ന് 47,407 തൊഴിലാളികൾ ഉണ്ടായിരുന്നതിൽ 2019 ഒക്ടോബർ ഒന്നിനും 2020 സെപ്റ്റംബർ 30നും ഇടയിൽ 17,075 പേരെ ഒഴിവാക്കി. 2019 സെപ്റ്റംബർ 30ന് 7,425 കരാർ തൊഴിലാളികൾ ഉണ്ടായിരുന്ന കേരള സർക്കിളിൽ കഴിഞ്ഞമാസം ഒന്നിലെ കണക്കനുസരിച്ച് 3,940 പേർ മാത്രമാണുള്ളത്. 3,485 പേരെയാണ് 2019 ഒക്ടോബർ ഒന്നിനും 2020 സെപ്റ്റംബർ 30നും ഇടക്ക് ഒഴിവാക്കിയത്.
ബി.എസ്.എൻ.എല്ലിൽ ഫീൽഡ് ജോലികളെല്ലാം നിർവഹിക്കുന്നത് കരാർ തൊഴിലാളികളാണ്. തൊഴിലാളിക്ഷാമം കാരണം ഇപ്പോൾതന്നെ തകരാർ പരിഹരിക്കലും പുതിയ കണക്ഷൻ നൽകുന്നതും ഉൾപ്പെടെയുള്ള പ്രവൃത്തികൾ കേരളം ഉൾപ്പെടെയുള്ള സർക്കിളുകളിൽ കടുത്ത വെല്ലുവിളി നേരിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.