ബി.എസ്.എൻ.എല്ലിന് ‘നവംബറിന്റെ നഷ്ടം’ 8.7 ലക്ഷം ഉപഭോക്താക്കൾ
text_fieldsതൃശൂർ: ഇടക്കാലത്ത് ഒഴുകിയെത്തിയ ഉപഭോക്താക്കളുടെ തിരിച്ചുപോക്ക് ശക്തമായ ബി.എസ്.എൻ.എല്ലിന് ‘നവംബറിന്റെ നഷ്ടം’ 8.7 ലക്ഷം മൊബൈൽ കണക്ഷൻ. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തുവിട്ട കണക്കിലാണ് താരിഫ് കുറവിന്റെ പേരിൽ മാത്രം മൊബൈൽ ഉപഭോക്താക്കൾ ബി.എസ്.എൻ.എല്ലിൽ തുടരാൻ തയാറല്ലെന്നതിന്റെ വ്യക്തമായ സൂചനയുള്ളത്.
ജൂലൈയിലാണ് ജിയോ, എയർടെൽ, വി.ഐ (വോഡഫോൺ-ഐഡിയ) എന്നീ സ്വകാര്യ കമ്പനികൾ താരിഫിൽ 25 ശതമാനം വരെ വർധന വരുത്തിയത്. അതോടെ നിരക്ക് കൂട്ടാത്ത ബി.എസ്.എൻ.എല്ലിലേക്ക് ഉപഭോക്താക്കളുടെ ചുവടുമാറ്റം തുടങ്ങി. അതുവരെ ഉപഭോക്താക്കളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവ് നേരിട്ട ബി.എസ്.എൻ.എല്ലിലേക്ക് ആഗസ്റ്റിൽ 21 ലക്ഷവും സെപ്റ്റംബറിൽ 11 ലക്ഷവും ഒക്ടോബറിൽ ഏഴു ലക്ഷവും പുതിയ ഉപഭോക്താക്കളെത്തി. സ്വാഭാവികമായും ജിയോ ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾക്ക് വൻതോതിൽ വരിക്കാരെ നഷ്ടപ്പെടുകയും അത് ബി.എസ്.എൻ.എല്ലിന് നേട്ടമാവുകയും ചെയ്തു. സമീപ ഭാവിയിൽ നിരക്കുവർധന ഉണ്ടാവില്ലെന്ന് ബി.എസ്.എൻ.എൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം, നിരക്ക് കുറവാണെന്ന ഒറ്റക്കാരണത്താൽ അധികകാലം ഈ പ്രവണത നിലനിൽക്കില്ലെന്ന് ടെലികോം രംഗത്തെ വിദഗ്ധരും ജീവനക്കാരുടെ സംഘടനകളും ബി.എസ്.എൻ.എല്ലിന് മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ വരിക്കാരെ പിടിച്ചുനിർത്താനും കൂടുതൽ പേരെ കൊണ്ടുവരാനും രാജ്യമാകെ എത്രയും വേഗം 4ജി ലഭ്യമാക്കണമെന്ന് സംഘടനകൾ നിരന്തരം ആവശ്യപ്പെട്ടു. ഇതിന് കാലതാമസം നേരിടുന്നപക്ഷം കേന്ദ്രസർക്കാറിന് നിർണായക പങ്കാളിത്തമുള്ള വി.ഐയുടെ ടവറുകൾ പങ്കുവെക്കണമെന്ന ആവശ്യം ജീവനക്കാരുടെ സംഘടനകൾ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് പലതവണ ആവശ്യപ്പെട്ടു. എന്നാൽ, ഇതെല്ലാം മാനേജ്മെന്റ് അവഗണിച്ചു.
ആഗസ്റ്റ് മുതൽ ഇങ്ങോട്ടുള്ള മാസങ്ങളിൽ പുതുതായി വരുന്ന ഉപഭോക്താക്കളുടെ എണ്ണം താരതമ്യേന കുറയുന്നത് ഗൗരവത്തിൽ എടുക്കണമെന്ന മുന്നറിയിപ്പും മാനേജ്മെന്റ് വകവെച്ചില്ല.
‘ട്രായ്’ റിപ്പോർട്ട് പ്രകാരം നിലവിൽ എയർടെല്ലിന് അനുകൂലമാണ് വിപണി. ഏറ്റവും വേഗമുള്ള നെറ്റ്വർക്ക് എന്നതാണ് അവരെ സ്വീകാര്യരാക്കുന്നത്. ഒക്ടോബറിൽ എയർടെല്ലിലേക്ക് 19 ലക്ഷം പുതിയ ഉപഭോക്താക്കളെത്തി. അതേ മാസം ജിയോയിൽനിന്ന് 37 ലക്ഷം ഉപഭോക്താക്കൾ കൊഴിഞ്ഞു.
ഇതിനിടെ, രണ്ടാം വി.ആർ.എസ് (സ്വയം വിരമിക്കൽ പദ്ധതി) വരുന്നുവെന്ന ഉപശാല വർത്തമാനങ്ങൾ ബി.എസ്.എൻ.എൽ ജീവനക്കാർക്കിടക്ക് കടുത്ത നിരാശ പടർത്തിയിട്ടുണ്ട്. ഇത് ശരിയല്ലെന്ന് മാനേജ്മെന്റ് അനൗദ്യോഗികമായി പറയുന്നുണ്ടെങ്കിലും ടെലികോം വകുപ്പിന് ഇതുസംബന്ധിച്ച വിശദമായ കുറിപ്പ് നൽകിക്കഴിഞ്ഞതായി സംഘടനകൾ ഏറക്കുറെ ഉറപ്പുവരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.