സി.പി.എമ്മിന്റെ സാമ്പത്തിക വലതുപക്ഷ പരിഷ്കരണം ശരിവെക്കുന്ന ബജറ്റ് - വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: സി.പി.എമ്മിന്റെ സമ്പൂർണ്ണ സാമ്പത്തിക വലതുപക്ഷ പരിഷ്കരണം ശരിവെക്കുന്നതാണ് ധനമന്ത്രി അവതരിപ്പിച്ച കേരള ബജറ്റെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സംസ്ഥാനത്തെ കൂടുതൽ കടക്കെണിയിലേക്ക് തള്ളുന്നതും സാമ്പത്തിക സന്തുലിതത്വം പാലിക്കാത്തതുമായ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
വരവും ചെലവും തമ്മിലുള്ള അന്തരം അതി ഭീകരമായി വർദ്ധിക്കുന്നു. കടക്കെണി പരിഹരിക്കാനും ചെലവു ചുരുക്കുന്നതിനും യാതൊരു നിർദ്ദേശങ്ങളുമില്ല. വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എങ്ങനെയാണ് ഇത് നടപ്പിലാക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല. ഒന്നാം പിണറായി സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന വില നിയന്ത്രണ അതോറിറ്റി രൂപവത്കരണത്തെ സംബന്ധിച്ച് ഇപ്പോഴും മൗനത്തിലാണ്. ഭൂമിയുടെ ന്യായവില വർദ്ധിപ്പിച്ചുകൊണ്ട് കൂടുതൽ നികുതി വരുമാനമുണ്ടാക്കാം എന്ന നീക്കം പരാജയപ്പെടും. നിലവിലുള്ള സാഹചര്യത്തിൽ ഭൂമിയുടെ ക്രയ വിക്രയം വലിയതോതിൽ നടക്കുന്നില്ല. രജിസ്ട്രേഷൻ നിരക്കുകൾ കുറച്ച് കൂടുതൽ ഭൂ ക്രയവിക്രയം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്.
കാർഷികമേഖലയിലെ മുന്നേറ്റങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ കേവല ബജറ്റ് പ്രഖ്യാപനങ്ങളായി അവ ചുരുങ്ങാതിരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാകണം. ക്ഷേമ പെൻഷനുകളുടെ കാലാനുസൃതമായ വർദ്ധനവ് ഉണ്ടാകാത്തത് പ്രതിഷേധാർഹമാണ്. കേരളത്തിലെ നാലു ലക്ഷത്തോളം ഭൂരഹിത കുടുംബങ്ങളെ ബജറ്റ് പരിഗണിക്കുന്നേയില്ല. 1300 ഹെക്ടർ ഏറ്റെടുക്കേണ്ട സിൽവർ ലൈനിനുവേണ്ടി കേവലം രണ്ടായിരം കോടി അനുവദിച്ചത് ഭൂമി ഏറ്റെടുക്കലിന് സർക്കാർ ന്യായവില നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നതും വ്യക്തമാക്കുന്നുണ്ട്. പഴയ വാഹനങ്ങൾക്കുള്ള 50 ശതമാനം നികുതി വർദ്ധനവും ഇരുചക്ര വാഹനങ്ങളുടെ നികുതി വർദ്ധനവും സാധാരണക്കാർക്ക് ഭാരം വരുത്തും.
ഹരിത നികുതി എന്നപേരിൽ പഴയവാഹനങ്ങളുടെ നികുതി വർദ്ധിപ്പിക്കുന്ന സർക്കാർ ബദൽ വാഹനങ്ങളായ ഇലക്ട്രിക്, സി.എൻ.ജി വാഹനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതുപോലെ ഉയർന്ന സബ്സിഡി നൽകുന്നില്ല. സ്റ്റാട്യൂട്ടറി പെൻഷൻ എന്ന ഇടതുപക്ഷ നയത്തിന് പകരം പങ്കാളിത്ത പെൻഷൻ എന്ന കോർപ്പറേറ്റ് പദ്ധതി തുടരുകയാണ് സർക്കാർ. കോവിഡാനന്തരം ആരോഗ്യമേഖല ശക്തിപ്പെടുത്തേണ്ട സാഹചര്യത്തെയും വേണ്ടത്ര സർക്കാർ പരിഗണിച്ചിട്ടില്ല. ബജറ്റിലെ പല പ്രഖ്യാപനങ്ങളും നടപ്പാക്കാനുള്ള സാമ്പത്തിക സമാഹരണം എങ്ങനെയെന്ന് വ്യക്തമാക്കാത്തതാണ്. അതിനർത്ഥം കൂടുതൽ കടം വാങ്ങും എന്നതാണ്. പൊതുമേഖലയുടെ സമ്പൂർണ്ണ തകർച്ചയും കോർപ്പറേറ്റ് നിയന്ത്രിത സാമ്പത്തിക വ്യവസ്ഥയും സൃഷ്ടിക്കാനുതകുന്ന നിർദ്ദേശങ്ങളാണ് പിണറായി സർക്കാരിന്റെ ബജറ്റെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.