ബജറ്റ് അവഗണന: സി.പി.ഐ എക്സിക്യൂട്ടിവിലും വിമർശനം, എന്ത് നിലപാട് സ്വീകരിക്കണമെന്ന് മന്ത്രിമാർ
text_fieldsതിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സി.പി.ഐ വകുപ്പുകളോടുള്ള വിവേചനം സംസ്ഥാന എക്സിക്യൂട്ടിവിലും ചർച്ചയായി. തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് മന്ത്രിമാർ വിഷയം ഉന്നയിച്ചത്. അർഹമായ വിഹിതം കിട്ടാത്തത് അവഗണനയാണെന്നായിരുന്നു വിമർശനം. തിങ്കളാഴ്ച ബജറ്റ് ചർച്ച തുടങ്ങാനിരിക്കെ നിയമസഭയിലെ സി.പി.ഐ പ്രതിനിധികൾ എന്ത് നിലപാട് സ്വീകരിക്കണമെന്നതിൽ പാർട്ടി വ്യക്തത വരുത്തണമെന്നും ആവശ്യമുയർന്നു.
നിയമസഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിക്കും. മാത്രമല്ല ഇക്കാര്യം സർക്കാറിനെതിരെ ആയുധമാക്കുകയും ചെയ്യും. ഈ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ ധാരണയുണ്ടായില്ലെങ്കിൽ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നും അഭിപ്രായമുയർന്നു. എന്നാൽ പാർട്ടി തലത്തിലെ ആശയവിനിമയത്തിന് പകരം പാർലമെന്ററി തലത്തിലെ ഇടപെടലാണ് വേണ്ടതെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്.
നിയമസഭയിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നതിൽ സി.പി.ഐ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് തീരുമാനത്തിലെത്താനാണ് എക്സിക്യൂട്ടിവിൽ ധാരണയായത്.
സി.പി.ഐ മന്ത്രിമാർക്കുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കാനും തീരുമാനിച്ചു. അതേസമയം ശനിയാഴ്ച ഇടതുമുന്നണി യോഗമുണ്ടെങ്കിലും ഇതിൽ വിഷയം ഉന്നയിക്കാനിടയില്ല. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടൻ തന്നെ സ്ഥാനാർഥി നിർണയ നടപടികൾ പൂർത്തീകരിക്കാനും എക്സിക്യൂട്ടിവിൽ തീരുമാനമായി. മൂന്ന് പേരുടെ പേരടങ്ങുന്ന പാനലാണ് ജില്ലകളിൽനിന്ന് നൽകുക. ഈ പാനലിൽ നിന്നോ അല്ലെങ്കിൽ പുറത്ത് നിന്നോ ഉള്ള ഒരു പേര് സംസ്ഥാന എക്സിക്യൂട്ടിവിൽനിന്ന് സംസ്ഥാന കൗൺസിലിലേക്ക് നിർദേശിക്കും. കൗൺസിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.