ബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നതെന്ന് എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത രാജഭരണത്തെ അനുസ്മരിപ്പിക്കുന്നതാണ് മന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റെന്ന് എസ്.ഡി.പി.ഐ. വൈദ്യുതി തീരുവ കൂട്ടിയതും കെട്ടിട നികുതി വർധിപ്പിച്ചതുമുൾപ്പടെ ഏർപ്പെടുത്തിയ പല നികുതികളും സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നതാണെന്ന് സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരൻ പള്ളിക്കൽ അറിയിച്ചു.
പെട്രോൾ- ഡീസൽ വിലയിൽ രണ്ട് രൂപയുടെ സെസ് ഏർപ്പെടുത്തിയതിലൂടെ, ദിനംപ്രതി ഉയരുന്ന ഇന്ധന വിലയ്ക്ക് ആക്കം കൂടും. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലവർധിക്കാൻ കാരണമാവുകയും ബസ്ചാർജ് അടക്കമുള്ള വർധനവിലൂടെ സാധാരണക്കാരന് ഒരു ബാധ്യതയായി ഈ സർക്കാർ മാറും. ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതും ഫ്ലാറ്റുകളുടെ മുദ്ര വില കൂട്ടിയതും കെട്ടിട പെർമിറ്റ് ഫീസ്, കെട്ടിട അനുമതി ഫീസ് എന്നിവയുടെ വർധനയും സാധാരണക്കാരുടെ വീട് എന്ന സ്വപ്നത്തിന് മേൽ കരിനിഴൽ വീഴും.
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്കും ഒന്നിലധികം വീടുകൾക്കും പ്രത്യേക നികുതിയെർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ സാമൂഹ്യ ക്ഷേമ പെൻഷൻ വർധനവ് അടക്കം സാധാരണക്കാരന് പ്രയോജനകരമായ ഒന്നും ബജറ്റിൽ ഇല്ല. പാവപ്പെട്ടവരോട് മുഖം തിരിച്ച സമീപനമാണ് ഇടതു സർക്കാരിന്റേതെന്ന് ബജറ്റിലൂടെ ബോധ്യപ്പെടുത്തി.
വൈദ്യുതി തിരുവ വർധിപ്പിച്ചത് വ്യവസായ നിക്ഷേപ സൗഹൃദമല്ലന്ന ധാരണ സംസ്ഥാനത്തിന് മേൽ ഉണ്ടാകും. ഇത് സംസ്ഥാനത്തിന്റെ പുരോഗതിക്കും വളർച്ചക്കും തടസമാകും. റീട്ടെയിൽ വ്യാപാര മേഖലയെ സ്പർശിച്ചില്ല.ചെറുകിട വ്യാപാര-വ്യവസായ-സേവന മേഖലകളെ സാരമായി ബാധിക്കും. വാഹനങ്ങൾക്കുള്ള നികുതിയും സാധാരണക്കാരനെയാണ് ബാധിക്കുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ‘അത്ഭുതപൂർവമായ’താണെന്ന് ധനമന്ത്രി പറയുമ്പോഴും ധൂർത്തിന് യാതൊരു കുറവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും നിറം മങ്ങിയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും തുളസീധരൻ പള്ളിക്കൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.