ഭൂപതിവ് വാർഷിക വരുമാന പരിധി: തീരുമാനം ഉടനെന്ന് മന്ത്രി കെ. രാജൻ
text_fieldsതിരുവനന്തപുരം: ഭൂപതിവിനുള്ള വാര്‍ഷിക വരുമാന പരിധി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ഇത് സംബന്ധിച്ച ലാന്റ് റവന്യൂ കമ്മിഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും റവന്യൂ മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാനാകുമെന്നും ആന്റണി ജോണ്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
1964 ലെ കേരള ഭൂമി പതിച്ചു നല്‍കല്‍ ചട്ടങ്ങളിലെ ചട്ടം ഏഴ്(ഒന്ന്) പ്രകാരം 1971 ആഗസ്റ്റ് ഒന്നിന് മുന്‍പ് സര്‍ക്കാര്‍ ഭൂമിയുടെ കൈവശക്കാരനായ വ്യക്തിക്ക് വരുമാന പരിധി ബാധകമാക്കാതെ ഭൂമി പതിച്ചു നല്‍കാവുന്നതാണെന്ന് 1964 ലെ ഭൂപതിവ് ചട്ടത്തില്‍ 2017 ല്‍ ഭേദഗതി വരുത്തിയിരുന്നു. എന്നാല്‍ ചട്ടം ഏഴ്(രണ്ട്) ല്‍ വരുത്തിയ ഭേദഗതി പ്രകാരം 1971 ആഗസ്റ്റ് ഒന്നിന് ശേഷമുള്ള കൈവശമാണെങ്കില്‍ ഭൂമി പതിച്ചു കിട്ടുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
ഈ വരുമാന പരിധി നിലവിലെ സാഹചര്യത്തില്‍ വളരെ കുറഞ്ഞ തുകയായതിനാല്‍ നിരവധി അപേക്ഷകള്‍ നിരസിക്കപ്പെടുന്നുണ്ട്. ഇതു മൂലം ദിവസ വേതനക്കാര്‍ക്കു പോലും പട്ടയം നല്‍കാനാകാത്ത സാഹചര്യമുണ്ടായിട്ടുണ്ട്. 2017 ല്‍ നിശ്ചയിച്ച വരുമാന പരിധി കാലോചിതമായി വർധിപ്പിച്ചില്ലെങ്കില്‍ സാധാരണക്കാര്‍ക്ക് പോലും പട്ടയം നല്‍കാനാകില്ലെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗമാണ് ലാൻഡ് റവന്യൂ കമീഷണറോട് സർക്കാരിൽ ശുപാർശ നൽകാൻ നിർദേശിച്ചതെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.