ബഫർ സോൺ: സർക്കാർ ജനങ്ങളെ അകാരണമായി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആക്ഷേപം
text_fieldsകോഴിക്കോട്: ദേശീയ ഉദ്യാനം, വന്യജീവി സങ്കേതം എന്നിവക്ക് ചുറ്റം ഏറ്റവും കുറഞ്ഞത് ഒരു കിലോമീറ്റർ വീതിയിൽ ജൈവ സംരക്ഷിത കവചം (ബഫർ സോൺ) അനിവാര്യമാണെന്ന സുപ്രീംകോടതി ഉത്തരവിന്റെ പേരിൽ സംസ്ഥാന സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആക്ഷേപം. ബഫർ സോണുകളിൽ താമസിക്കുന്നവർക്ക് വീട് നിർമിക്കുന്നതിനും കൃഷി ചെയ്യുന്നതിനും യാത്ര ചെയ്യുന്നതിനും വാഹനം ഉപയോഗിക്കുന്നതിനും മറ്റും നിയന്ത്രണങ്ങളില്ല. അതേസമയം, സാധാരണ ജീവിതത്തിന് തടസങ്ങളില്ലെന്ന് സർക്കാർ ജനങ്ങളോട് പറയുന്നില്ല.
രാജ്യത്തെ ഏറ്റവും വലിയ ജൈവ വൈവിധ്യ ഇടമായ പശ്ചിമഘട്ടത്തിലെ 65 ശതമാനം വിഭവങ്ങളും സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്. ആ സാഹചര്യങ്ങളിൽ സംസ്ഥാനത്തെ ദേശിയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ബഫർ സോണുകൾ സംരക്ഷിക്കാതെ നാടിനു നിലനിൽക്കാനാവില്ല.
കാടുകളുടെ സുരക്ഷക്ക് 10 കിലോമീറ്റർ വരെ വീതിയിൽ ബഫർ സോണുകൾ ഉണ്ടാകണമെന്നായിരുന്നു ആദ്യ നിർദേശം. അത് ഒരു കിലോമീറ്ററാക്കി ചുരുക്കിയത് സംസ്ഥാന സർക്കാറാണ്. ഖനനത്തിന്‍റെ കാര്യത്തിൽ കേന്ദ്ര നിയമ പ്രകാരം ജനവാസ കേന്ദ്രങ്ങളിൽ നിന്നും 500 മീറ്റർ അകലം പാലിക്കണമായിരുന്നു. അത് ക്വാറി ഉടമകളുടെ ആവശ്യാനുസരണം സംസ്ഥാനം തിരുത്തി.
സംസ്ഥാനത്തെ ക്വാറികളുടെ ദൂരപരിധി 50 മീറ്ററാക്കി ചുരുക്കി. ബഫർ സോൺ ഒരു കിലോമീറ്ററിൽ എത്തിച്ചതും ഖനന മുതലാളിമാരുടെ സൗകര്യാർഥമാണ്. ഇപ്പോഴത്തെ സുപ്രീംകോടതി വിധിയിൽ പരിമിതമായ നിയന്ത്രണങ്ങളെങ്കിലും വനങ്ങൾക്ക് ഉണ്ടാകണമെന്നാണ് പറഞ്ഞത്. അതിൽ പ്രതിഷേധിക്കുവാൻ സംസ്ഥാന സർക്കാർ കാട്ടുന്ന താൽപര്യത്തിനു പിന്നിൽ കാടുകൾക്ക് സമീപം പ്രവർത്തിക്കുന്ന ക്വാറികളെ സംരക്ഷിക്കുന്നതിനാണ്.
ബഫർ സോണുകൾ തീരുമാനിക്കുവാനും മറ്റും 2002ൽ ഉണ്ടാക്കിയ കേന്ദ്ര ഉന്നതല കമ്മിറ്റി നിർദേശങ്ങളായിരുന്നു കോടതിവിധിക്കുള്ള അടിസ്ഥാനം. സമിതിയുടെ രണ്ടാമത്തെ റിപ്പോർട്ട് 2012ലാണ് നൽകിയത്. അതിനു മുൻപ് ഗോവ ഫൗണ്ടേഷൻ കൊടുത്ത കേസിലും കോടതി ഇത്തരം നിയന്ത്രണങ്ങളെ പരിഗണിച്ചിരുന്നു. ദേശിയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും സുരക്ഷയെ മുൻനിർത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിർദേശങ്ങൾ നൽകിയത് 2011ലാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്.
ദേശിയ പാർക്കിലും വന്യജീവി സങ്കേതത്തിലും ഖനനങ്ങൾക്ക് സമ്പൂർണ നിരോധനം ആവശ്യമാണ്. പൊതു ആവശ്യങ്ങൾക്കുള്ള പദ്ധതികൾക്ക് ഇളവുകൾ അനുവദിക്കാൻ ഉന്നതല കമ്മിറ്റിയുടെയും വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുമതിയോടെ കോടതിയെ സമീപിക്കാം. അതേസമയം, ഇതെല്ലാം മറച്ചുവെച്ചാണ് ഖനന മുതലാളിമാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കത്തോലിക്കാ സഭയും വനം മന്ത്രിയും കോടതി ഉത്തരവിന് എതിർക്കുന്നതെന്നും പരിസിഥിതി പ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.