ബഫർ സോൺ: വനസംരക്ഷണത്തിന് ആവശ്യമെന്ന് പരിസ്ഥിതിവാദികൾ
text_fieldsതിരുവനന്തപുരം: സംരക്ഷിത വനാതിര്‍ത്തിയിലെ പരിസ്ഥിതിലോല മേഖല (ബഫർ സോൺ) സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പരിസ്ഥിതിവാദികൾ. രണ്ടരപതിറ്റാണ്ടായി ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും 10 കിലോമീറ്റര്‍ വരെ വിസ്തീര്‍ണത്തില്‍ ബഫർ സോണുകള്‍ സൃഷ്ടിക്കാനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.
വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, സംരക്ഷിത വനമേഖലകൾ എന്നിവക്ക് സംരക്ഷണ കവചം ഒരുക്കുകയാണ് ലക്ഷ്യം. 2020ൽ അത് അപ്രായോഗികമാണെന്നായിരുന്നു സംസ്ഥാനം നിലപാട് സ്വീകരിച്ചു. മുൻ മന്ത്രി രാജുവിന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. സംസ്ഥാനത്ത് മൂന്ന് കിലോമീറ്ററായി ചുരുക്കണമെന്നായിരുന്നു അന്ന് വനംവകുപ്പിന്റെ നിർദേശം.
എന്നാൽ, മന്ത്രിസഭായോഗത്തിൽ അത് പൂജ്യം മുതൽ ഒരു കിലാമീറ്ററായി ചുരുക്കാനാണ് തീരുമാനിച്ചത്. പല വന്യജീവി സങ്കേതങ്ങളോട് ചേർന്നും ജനവാസ കേന്ദ്രമുള്ളതിനാലാണ് ചില സ്ഥലങ്ങളിൽ പൂജ്യമാക്കാൻ തീരുമാനിച്ചത്. തുടർന്ന് പ്രത്യേകം മാപ് തയാറാക്കി 23 വന്യജീവി സങ്കേതത്തിന്റെയും ബഫർ സോൺ കേന്ദ്രത്തിന് അയച്ചിരുന്നു.
സംസ്ഥാന നിലപാട് കേന്ദ്രം അംഗീകരിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാനത്തിന് കഴിയുമെന്നായിരുന്നു വനംവകുപ്പിന്റെ പ്രതീക്ഷ. എന്നാൽ, സുപ്രീകോടതിയും ഇപ്പോൾ ശക്തമായി നിലപാട് സ്വീകരിച്ചു. കോടതി വിധി വന്നപ്പോൾ കൊച്ചിയിലെ മംഗളവനമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഹൈകോടതി ഒരു കിലോമീറ്ററിനുള്ളലാണ്. എന്നാൽ ഇക്കാര്യത്തിൽ ചെന്നൈ, മുംബൈ നഗരങ്ങളിലെ സമാനമായ വനങ്ങളെ ബഫർ സോണിൽനിന്ന് കോടതി ഇളവ് നൽകിയിട്ടുണ്ട്. അതിനാൽ മംഗളവനത്തിനും ഇളവ് ലഭിക്കാം.
ബഫർ സോൺ പ്രഖ്യാപിച്ചാൽ വൻകിട വികസന പദ്ധതികളും ഖനനവ്യവസയും തടയും. ഇപ്പോൾ പ്രഖ്യപിച്ച പ്രദേശത്തെ ക്വാറികൾക്കൊന്നും തുടർന്ന് പ്രവർത്തിക്കനാവില്ല. അതല്ലാതെ ഈ പ്രദേശത്ത് എത്ര കുടുംബങ്ങൾ സ്ഥിരവാസമുണ്ടെന്ന് സർക്കാർ പ്രഖ്യാപിക്കണമെന്നാണ് പരിസ്ഥിതിവാദികളുടെ ആവശ്യം. ഇക്കാര്യത്തിൽ ഓഡിറ്റിങ് ആവശ്യമാണ്. ജനവാസമേഖലയുടെ മാപ്പ് സർക്കാരിന് പ്രസിദ്ധീകരിക്കാം.
പീച്ചി വനഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിൽ വനാതിർത്തിയോട് ചേർന്ന് ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. നവകേരളത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നത്. കാടിന്റെ സംരക്ഷണത്തിന് ഒരു കിലോമീറ്ററെങ്കിലും ബഫർ സോൺ ആവശ്യമാണ്.
കർഷകർക്ക് കൃഷി തുടരാൻ തടസമില്ല. എന്നാൽ പലയിടത്തും വന്യജീവി സങ്കേതത്തിനുള്ളിൽവരെ കൈയേറ്റം നടത്തിയുണ്ടെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥൻ 'മാധ്യമ'ത്തോട് പറഞ്ഞു. ബഫർ സോൺ പൂജ്യമാക്കണമെന്ന സംസ്ഥാന സർക്കാറിന്റെ അഭിപ്രായം കേന്ദ്രം അംഗീകരിക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പ്രദേശത്ത് ഇളവ് ലഭിക്കണമെങ്കിൽ സംസ്ഥാനം ഈ രംഗത്തെ വിദഗ്ധരുടെ യോഗം വിളിച്ച് ശാസ്ത്രീയമായ റിപ്പോർട്ട് തയാറാക്കണണെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.
ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം പാടില്ല. നിലവില്‍നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികളെ കുറിച്ച് മൂന്ന് മാസത്തിനകം മുഖ്യവനപാലകര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോട് നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.