കരുതൽ മേഖല: ട്രാക്കിലാകാതെ ഫീൽഡ് സർവേ
text_fieldsതിരുവനന്തപുരം: സർക്കാർ സംവിധാനങ്ങൾ അവധിയാലസ്യത്തിൽ തുടരവെ, കരുതൽ മേഖല വിഷയത്തിൽ ഫീൽഡ് പഠനമടക്കം ഇനിയും കാര്യക്ഷമമായില്ല. പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി തീരാൻ 10 ദിവസം മാത്രം ശേഷിക്കെ, ആശങ്കയിൽ നീറിക്കഴിയുകയാണ് മലയോര ജനത. ഫീൽഡ് സർവേ വേഗത്തിലാക്കാൻ ഇടപെടുമെന്ന് വനംമന്ത്രി ആവർത്തിക്കുമ്പോഴും ഫീൽഡിൽ അത്ര വേഗത്തിലല്ല കാര്യങ്ങൾ. മുഖ്യമന്ത്രി സവിസ്തരം വിശദീകരിച്ച ഹെൽപ് ഡെസ്ക്കുകൾ പോലും തുടങ്ങാത്ത വില്ലേജുകളുമുണ്ട്. ഇതിനിടെ, തദ്ദേശ വകുപ്പ് സൃഷ്ടിച്ച വീഴ്ചയും ആശയക്കുഴപ്പത്തിനിടയാക്കി. അപൂർണമാണെന്ന് സർക്കാർ തന്നെ സമ്മതിച്ച ഉപഗ്രഹ സർവേ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി പരാതികൾ സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതലയോഗത്തിൽ തീരുമാനിച്ചത്.
എന്നാൽ, താഴെത്തട്ടിലേക്ക് കൈമാറിയതാകട്ടെ ജനവാസമേഖലയെ ഒഴിവാക്കി വനംവകുപ്പ് തയാറാക്കിയ ഭൂപടം അടിസ്ഥാനപ്പെടുത്തി പരാതി സമർപ്പിക്കാനും. ഇത് വ്യാപകമായി ആശങ്ക പടർത്തി. വീഴ്ച ബോധ്യപ്പെട്ടതിനെ തുടർന്ന് വേഗം തന്നെ തിരുത്തുകയും നിർദേശം പുതുക്കിനൽകുകയും ചെയ്തെങ്കിലും പരാതികളുടെ എണ്ണം അപ്പോഴേക്കും വർധിച്ചു. മാത്രമല്ല, ക്രിസ്മസ് അവധിയായതോടെ സർക്കാർ സംവിധാനങ്ങളും മന്ദഗതിയിലായി. ഇതാണ് ഫീൽഡ് പഠനമടക്കം മുടന്താൻ കാരണം. കരുതൽ മേഖല വിഷയത്തിൽ വിവരശേഖരണത്തിനും ഫീൽഡ് പഠനത്തിനുമടക്കം വിപുലമായ ക്രമീകരണങ്ങൾ ഒരുക്കാനായിരുന്നു ഉന്നതതല യോഗത്തിൽ തീരുമാനിച്ചത്. ഓരോ വാര്‍ഡിലും വാര്‍ഡ് അംഗവും ഫോറസ്റ്റ്-വില്ലേജ്-പഞ്ചായത്ത് ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളുമടങ്ങുന്ന സമിതികൾ രൂപവത്കരിച്ചാണ് ഹെൽപ് ഡെസ്ക്കുകൾ പ്രവർത്തിപ്പിക്കാനും ഫീൽഡ് പഠനം നടത്താനും നിശ്ചയിച്ചിരുന്നതെങ്കിലും പലയിടങ്ങളിലും നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.