കരുതൽ മേഖല ഫീൽഡ് സർവേ വെല്ലുവിളികളേറെ; നടപടികൾ വൈകും
text_fieldsതിരുവനന്തപുരം: കരുതൽമേഖലയില്‍ ഉള്‍പ്പെട്ട ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നതിനുള്ള ഫീൽഡ് സർവേ നടപടികള്‍ പൂര്‍ണ സജ്ജമാകാന്‍ വൈകും. ജീവനക്കാരുടെ പരിശീലനവും ഫീൽഡ് സർവേയുമായി ബന്ധപ്പെട്ട പ്രയോഗിക ബുദ്ധിമുട്ടുകളും ക്രിസ്മസ് അവധിയുമാണ് കാരണം. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് (കെ.എസ്.ആർ.ഇ.സി) വികസിപ്പിച്ച മൊബൈല്‍ ആപില്‍ ജിയോ ടാഗ് ചെയ്ത് അപ്ലോഡ് ചെയ്യുന്നതിനുള്ള സാങ്കേതിക പരിശീലനം അടക്കം പൂര്‍ത്തീകരിക്കണം. സാങ്കേതിക പരിജ്ഞാനമുള്ള എന്‍ജിനീയറിങ് കോളജ്, പോളിടെക്നിക് വിദ്യാര്‍ഥികള്‍, കുടുംബശ്രീ ഓക്സിലറി അംഗങ്ങള്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവർക്കാണ് പരിശീലനം. ക്രിസ്മസിന് ശേഷവും പരിശീലനം തുടരും. അതു പൂർത്തിയാക്കിയശേഷമേ സാങ്കേതിക നടപടികളിലേക്ക് കടക്കാന്‍ കഴിയൂ.
അതിനിടെ, ജനവാസ മേഖലകളും കെട്ടിടങ്ങളും അടക്കം സര്‍ക്കാറിലേക്ക് പരാതികള്‍ പ്രവഹിക്കുകയാണ്. ആദ്യദിനം 12,000ത്തോളം പരാതികളാണ് ലഭിച്ചതെങ്കില്‍ രണ്ടാംദിനം 20,000 കടക്കും. ലഭിക്കുന്ന പരാതികള്‍ അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിനുള്ള നടപടികളാണ് വകുപ്പുതലത്തില്‍ സ്വീകരിച്ചുവരുന്നത്. തങ്ങളുടെ കെട്ടിടം കരുതൽമേഖലയില്നിന്ന് ഒഴിവാക്കിയത് ഭൂപടത്തില്‍ കാണുന്നില്ലെന്ന പരാതികളാണ് പ്രധാനമായും ലഭിക്കുന്നത്. സുപ്രീംകോടതിയിലെ കേസില്‍ കക്ഷിചേരാന്‍ അനുമതിതേടി നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാറിനെ സമീപിക്കുന്നുണ്ട്.
അതിനിടെ, പരിസ്ഥിതി ദുര്‍ബല മേഖലയിലെ വീടുകള്‍, മറ്റു നിര്‍മാണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ വിവരശേഖരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കരട് ഭൂപടത്തില്‍ കൂടുതല്‍ സര്‍വേ നമ്പറുകള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
ജനുവരി ഏഴിനകം ഈ വിവരം വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. അത് ഒരാഴ്ചക്കകം പൂത്തിയാക്കാൻ കഴിയുമോ എന്ന സംശയവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.