കരുതൽ മേഖല: സഭ നേതൃത്വത്തെ അനുനയിപ്പിക്കാൻ സർക്കാർ
text_fieldsവനംമന്ത്രി കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷനെ
സന്ദർശിച്ചു
കോട്ടയം: കരുതൽ മേഖലയുമായി ബന്ധപ്പെട്ട് സഭ നേതൃത്വം രൂക്ഷവിമർശനം തുടരുന്നതിനിടെ, അനുനയനീക്കവുമായി സർക്കാർ. സർക്കാർ നടപടികൾ വിശദീകരിക്കാനാണ് തീരുമാനം. ഇതിനായി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വനംമന്ത്രി എ.കെ. ശശീന്ദ്രൻ വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന് മാര് ജോസ് പുളിക്കലിനെ സന്ദർശിച്ചു. വെള്ളിയാഴ്ച കോട്ടയം എയ്ഞ്ചൽവാലിയിലും പത്തനംതിട്ടയിലെ ചിറ്റാറിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ടെത്തി കർഷകരുമായി സംവദിക്കുന്നുണ്ട്.
വ്യാഴാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി ബിഷപ്സ് ഹൗസിലെത്തിയ മന്ത്രി, കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകി. പ്രശ്ന പരിഹാരത്തിനായി സർക്കാർ നിയമപോരാട്ടം തുടരുമെന്നും മന്ത്രി പറഞ്ഞു. സമരത്തിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്നും മലയോരജനതയുടെ ആശങ്ക സർക്കാറിനെ അറിയിക്കാനാണ് ശ്രമിക്കുന്നതെന്നും സഭ നേതൃത്വം അറിയിച്ചു. കൂടിക്കാഴ്ചക്കു ശേഷം ചർച്ച തൃപ്തികരമായിരുന്നുവെന്ന് മാർ ജോസ് പുളിക്കൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. സർക്കാറിനെ വിശ്വാസത്തിലെടുക്കുന്നുതായും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ രൂപത നേതൃത്വത്തെ വിശദമായി ധരിപ്പിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രനും പിന്നീട് പറഞ്ഞു.
മാപ്പിലെ പോരായ്മയാണ് ജനവാസ പ്രദേശങ്ങൾ കരുതൽ മേഖലയിലാകാൻ കാരണം. ഇത് നീക്കാൻ മുഖ്യമന്ത്രി ചെയർമാനായ സമിതി തീരുമാനമെടുക്കും. ഇതിനായി ഈമാസം 19ന് യോഗം വിളിച്ചിട്ടുണ്ട്. കർഷകരുടെ ആശങ്കകൾ പൂർണമായി പരിഹരിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.