കരുതൽ മേഖല: സുപ്രീംകോടതിയിൽ വീഴ്ച സമ്മതിച്ച്, തലകുനിച്ച് കേരളം
text_fieldsന്യൂഡൽഹി: കരുതൽ മേഖല കേസിൽ വീഴ്ച സംഭവിച്ചതിനാൽ കോടതിക്ക് മുന്നിൽ തലകുനിക്കുകയാണെന്ന് കേരളം സുപ്രീംകോടതിയിൽ. സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ. ജയദീപ് ഗുപ്തയാണ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ ആശങ്കക്ക് കാരണമായ 2022 ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധിയിൽ ആവശ്യമായ ഭേദഗതി വരുത്തുമെന്ന് വ്യക്തമാക്കി വാദം പൂർത്തിയാക്കി കേസ് വിധിപറയാനായി മാറ്റി. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കരുതൽ മേഖല (ബഫർസോൺ) നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഭേദഗതി ഉണ്ടാകുമെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. തമിഴ്നാടിന്റെ അഭിഭാഷകൻ ജനങ്ങളുടെ പ്രയാസം ബോധിപ്പിച്ചപ്പോൾ തമിഴ്നാടിനും മറ്റു സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി വിധിയിലെ 44ാം ഖണ്ഡികയിൽ പ്രയോജനകരമായ ഭേദഗതി കൊണ്ടുവരുമെന്ന് കോടതി വ്യക്തമാക്കി.
2022ലെ വിധിക്കാധാരമായ കേസ് പരിഗണിച്ചിരുന്ന കാലത്ത് എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നതാണെന്ന് അഡ്വ. ജയ്ദീപ് ഗുപ്ത ബോധിപ്പിച്ചു. ആദ്യഘട്ടത്തിൽ നോട്ടീസ് അയച്ചപ്പോൾ തന്നെ കേരളം നിലപാട് വ്യക്തമാക്കേണ്ടതായിരുന്നു. എന്നാൽ, വിധി പുറപ്പെടുവിക്കും മുമ്പ് സുപ്രീംകോടതിയെ വിഷയം ധരിപ്പിച്ചില്ല. ആ വീഴ്ചയിൽ കോടതിക്ക് മുമ്പിൽ തല കുനിക്കുകയാണ്.
ആ കേസ് രാജസ്ഥാനിലെ ജാമുവ രാംഗഢ് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ടതായതിനാൽ പ്രതികരിക്കേണ്ടതില്ലെന്ന് കരുതിയതാണ് സംഭവിച്ച പിഴവെന്നും അദ്ദേഹം ബോധിപ്പിച്ചു. കേന്ദ്ര സർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയും സുപ്രീംകോടതിയുടെ അമിക്കസ് ക്യൂറി കെ. പരമേശ്വറും ഉന്നയിച്ച പൊതുവിഷയങ്ങളിൽ പൂർണമായും യോജിക്കുന്നുവെന്ന് പറഞ്ഞാണ് ജയ്ദീപ് ഗുപ്ത വാദം തുടങ്ങിയത്. സുപ്രീംകോടതി ഭേദഗതി കൊണ്ടുവന്നില്ലെങ്കില്‍ കേരള ഹൈകോടതി പ്രതിസന്ധിയിലാകുമെന്ന് പെരിയാര്‍ വാലി പ്രൊട്ടക്ഷന്‍ മൂവ്മെന്റിന് വേണ്ടി ഹാജരായ അഡ്വ. വി.കെ. ബിജു വാദിച്ചു. കരുതൽ മേഖലയിൽ കാര്‍ഷികവൃത്തിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് സെന്റര്‍ ഫോര്‍ കണ്‍സ്യുമര്‍ എജുക്കേഷന്‍, സേവ് വെസ്റ്റേണ്‍ ഗാട്ട്സ് പീപ്ള്‍ ഫൗണ്ടേഷന് എന്നീ സംഘടനകൾ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.