കരുതൽ മേഖല: ഇളവ് തേടി കേരളം സുപ്രീംകോടതിയിലേക്ക്
text_fieldsന്യൂഡല്‍ഹി: വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ കരുതൽ മേഖല നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവ് തേടി സംസ്ഥാന സര്‍ക്കാർ സുപ്രീംകോടതിയിലേക്ക്.
കരട്-അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ കരുതൽ മേഖല വിധി നടപ്പാക്കുന്നതില്‍നിന്ന് സാവകാശം തേടി കേന്ദ്രം സമർപ്പിച്ച ഹരജിയെ പിന്തുണച്ച് കേരളം കക്ഷിചേരും. കരുതൽ മേഖല കരടു ഭൂപടം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ കേരളം കൂടുതല്‍ സമയം തേടും.
കരുതൽ മേഖല നിര്‍ബന്ധമാക്കിയ ജൂണ്‍ മൂന്നിലെ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ അപേക്ഷ ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് അടുത്ത മാസം 11ന് പരിഗണിക്കാനിരിക്കെയാണ് കേരളത്തിന്റെ നീക്കം.
കേരളത്തിലെ 17 വന്യജീവിസങ്കേതങ്ങളുടെയും ആറു ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും കരുതൽ മേഖല സംബന്ധിച്ച ശിപാർശ കേരളം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചിട്ടുണ്ട്.
ഇതില്‍ പെരിയാര്‍ ദേശീയ ഉദ്യാനം, പെരിയാര്‍ വന്യജീവിസങ്കേതം എന്നിവയില്‍ ഒഴിച്ച് മറ്റ് എല്ലാത്തിലും കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിനു ചുറ്റുമുള്ള കരുതൽ മേഖലയിൽ കേന്ദ്രം അന്തിമവിജ്ഞാപനവും ഇറക്കിയതാണ്.
കരുതൽ മേഖല കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിനുമുമ്പ് സംസ്ഥാന സർക്കാർ അപേക്ഷ സമർപ്പിക്കും. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് വിദഗ്ധ സമിതി തയാറാക്കിയ ഉപഗ്രഹ സര്‍വേ ഭൂപടത്തെ സംബന്ധിച്ച് വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് സാവകാശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നാലു മാസത്തിനുള്ളില്‍ സര്‍വേ ഭൂപടം സമര്‍പ്പിക്കണമെന്നായിരുന്നു ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.