കരുതൽ മേഖല: ആശയക്കുഴപ്പം ബാക്കി, പരാതി നൽകാൻ ദിവസങ്ങൾ മാത്രം; കിട്ടിയത് 22,000 പരാതികൾ
text_fieldsതിരുവനന്തപുരം: കരുതൽ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെ ആശയക്കുഴപ്പം ഒഴിയുന്നില്ല. ഉപഗ്രഹസർവേ, വനംവകുപ്പിന്റെ കരട് ഭൂപടം എന്നിവയുമായി ബന്ധപ്പെട്ട് ഇതുവരെ 22,000 പരാതികളാണ് സെക്രട്ടേറിയറ്റിലെ വനം വകുപ്പ് ഓഫിസിൽ ലഭിച്ചത്. 17,000ത്തോളം അപേക്ഷകൾ ഓൺലൈനായി ലഭിച്ചവയാണ്. ഇതിൽ പലതും ഇരട്ടിപ്പാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ലഭിച്ച പരാതികളിൽ 7,500 എണ്ണം ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് കൈമാറി. പരാതിയുടെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും നേതൃത്വത്തിൽ ഫീൽഡ് സർവേയും ജിയോടാഗിങ്ങും അടക്കം പുരോഗമിക്കുകയാണ്. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും ആഴ്ചകളെടുക്കും. ജനുവരി ഏഴുവരെയാണ് പരാതികൾ നൽകാനുള്ള സമയപരിധി. പരാതികൾ പൂർണതോതിൽ പരിഹരിക്കപ്പെടണമെങ്കിൽ ഏറെനാളത്തെ കാലതാമസം വരുമെന്നാണ് വനംവകുപ്പ് പറയുന്നത്. വനം മേഖലകളിൽ ഒറ്റ സർവേ നമ്പറുകളിൽ തന്നെ മുന്നൂറും നാനൂറും ഏക്കർ ഭൂമിവരുന്നതാണ് ഇതിന് കാരണം.
ഇതിനിടെ സർവേ നമ്പർ അടക്കം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിലും ആശയക്കുഴപ്പം ഒഴിയുന്നില്ല. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മൂന്ന് ഭൂപടങ്ങളില്‍ ഏത് അടിസ്ഥാന രേഖയാക്കണമെന്ന ആശയക്കുഴപ്പവും നിലനില്ക്കുന്നു. സര്‍ക്കാര്‍ മൂന്നു ഭൂപടങ്ങള്‍ പ്രസിദ്ധീകരി ച്ചെങ്കിലും ഉപഗ്രഹസർവേ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് സ്ഥലപരിശോധന മുന്നോട്ടുപോകുന്നത്. കരുതൽ മേഖല വിഷയത്തിൽ സംസ്ഥാനത്ത് 80 പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്ക് തുടങ്ങിയതായി വനം വകുപ്പ് അറിയിച്ചു.
85 പഞ്ചായത്തുകളാണ് കരുതൽ മേഖലകളായി നിശ്ചയിച്ചിരിക്കുന്നത്. പുതിയ ഇ-മെയിൽ ഐഡിയാണ് പരാതികൾക്കായി വനം വകുപ്പ് നൽകിയത്. കൂടുതൽ പരാതികൾ ലഭിച്ചത് കോഴിക്കോട്ടെ ചക്കിട്ടപാറ പഞ്ചായത്തിൽനിന്നാണ് -4061. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പഞ്ചായത്തിൽ ഹെൽപ് ഡെസ്ക് ഇതുവരെ തുടങ്ങിയില്ല. അതേസമയം, സുപ്രീംകോടതിയിലെ പ്രധാന കേസിൽ കേരളം കക്ഷിചേരാൻ ആവശ്യമായ വിവരങ്ങൾ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സുപ്രീംകോടതിക്ക് കൈമാറും. ഉപഗ്രഹസർവേ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും 2020- 21 ലെ സർവേ റിപ്പോര്‍ട്ടും നിലവില്‍ സ്വീകരിക്കുന്ന ഫീൽഡ്സർവേ അടക്കമുള്ള സാങ്കേതിക നടപടിക്രമങ്ങളും ഉള്‍പ്പെടെ വിവരങ്ങളാകും കോൺസൽ ജനറൽ മുഖേന സുപ്രീംകോടതിയെ അറിയിക്കുക.
വനം സെക്രട്ടറി അഡ്വക്കറ്റ് ജനറലിന് കൈമാറിയ സത്യവാങ്മൂലത്തിന്റെ നിയമപരമായ പരിശോധനകൾ പൂർത്തിയാക്കി. ജനുവരി 11ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ വനം- പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്ത് പ്രാഗല്ഭ്യമുള്ള നിലവിലെ അഭിഭാഷകർക്ക് പുറമെ, മുതിർന്ന അഭിഭാഷകനെ വെക്കണമെന്ന നിർദേശവും ഉയർന്നുവന്നിട്ടുണ്ട്. മുൻ അറ്റോണി ജനറൽ മുകുള്‍ രോഹതഗിയുടെ പേരും നിർദേശിക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.