ബഫർ സോൺ: പിണറായി സർക്കാർ അഹന്ത കൈവെടിയണം -കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ പിണറായി വിജയൻ സർക്കാർ അഹന്ത അവസാനിപ്പിച്ച് ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിന് പകരം ഉപരിപ്ലവമായി ചിന്തിക്കുന്നതാണ് ബഫർ സോൺ പ്രതിസന്ധിക്ക് കാരണം. ഉപഗ്രഹ സർവെ നടത്തി ഭൂമിയുടെ അതിര് നിശ്ചയിക്കുന്നതിന് പകരം ജനങ്ങളുടെ അവസ്ഥ മനസിലാക്കി നേരിട്ടുള്ള സർവെ നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. സുപ്രീംകോടതിയിൽ നിന്ന് കേരളത്തിലെ കർഷകർക്ക് അനുകൂലമായ വിധി നേടിയെടുക്കേണ്ട സംസ്ഥാന സർക്കാർ വലിയ അലംഭാവമാണ് കാണിക്കുന്നത്. മലയോര കർഷകർക്കൊപ്പം നിൽക്കാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. പക്ഷെ ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടണം. കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളുള്ളത്. അവരെ ശത്രുപക്ഷത്ത് നിർത്തുകയാണ് ഇടത് സർക്കാർ ചെയ്യുന്നത്. ജനവിരുദ്ധനയങ്ങൾ പിണറായി സർക്കാർ പതിവാക്കിയിരിക്കുകയാണ്. സർക്കാരിന്റെ ജനദ്രോഹ സമീപനത്തിനെതിരെ ബി.ജെ.പി പോരാടുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.