ബഫർസോൺ: മലക്കം മറിഞ്ഞ് സജി ചെറിയാൻ
text_fieldsതിരുവനന്തപുരം: ബഫർസോണിലെ പരാമർശങ്ങളിൽ മലക്കംമറിഞ്ഞ് മന്ത്രി സജി ചെറിയാൻ. ബഫർസോൺ 10 മീറ്ററാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിന് പിന്നാലെയാണ് നിലപാട് മാറ്റം. 'പാർട്ടി സെക്രട്ടറി പറഞ്ഞത് എന്താണോ അതാണ് താൻ അംഗീകരിക്കുന്നതെന്ന്' സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. 'എന്താണ് പറഞ്ഞതെന്ന് കേട്ടിട്ടില്ല, തനിക്ക് തെറ്റുപറ്റിയതാണ്.
മനുഷ്യനല്ലേ തെറ്റുപറ്റാം. ബഫർസോണിൽ ഒരു വിവാദവുമില്ല. ഡി.പി.ആറിൽ ഉള്ളതാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. സെക്രട്ടറി പറഞ്ഞതിനോടേ എനിക്ക് യോജിക്കാൻ പറ്റൂ. സിൽവർ ലൈനുമായി ബന്ധപ്പെട്ട് നാല് അവതരണങ്ങളിൽ താൻ പങ്കെടുത്തു. അപ്പോഴൊന്നും ബഫർ സോൺ ശ്രദ്ധയിൽ വരാത്തതുകൊണ്ടാണ് അന്ന് ബഫർസോണില്ലെന്ന് പറഞ്ഞതെന്നും' മന്ത്രി വ്യക്തമാക്കി. ഒരു മീറ്റർ പോലും ബഫർസോണില്ലെന്നും താൻ ഡി.പി.ആർ പഠിച്ചതാണെന്നുമായിരുന്നു നേരത്തെ സജി ചെറിയാൻ പറഞ്ഞിരുന്നത്.
'തീവ്രവാദികളെന്നല്ല, തീവ്രവാദ സ്വഭാവമുള്ളവരെന്നാണ് പറഞ്ഞത്' സിൽവർ ലൈൻ സമരത്തിൽ തീവ്രവാദികളുണ്ടെന്നല്ല തീവ്രവാദ സ്വഭാവമുള്ളവരുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയതെന്നും മന്ത്രി പറഞ്ഞു. പെട്രോളും മണ്ണെണ്ണയും ദേഹത്തൊഴിച്ച് കത്തിക്കാൻ ശ്രമിക്കുന്നത് അതുകൊണ്ടാണ്. തീവ്രവാദ സ്വഭാവമുള്ള സമരരീതി കാട്ടുന്നുവെന്നാണ് ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.
ബഫർ സോൺ ഉണ്ടാകും -കോടിയേരി
കാസർകോട്: കെ-റെയിൽ പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്ത് ബഫർ സോണുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കാസർകോട് ഗെസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ കെ-റെയിൽ എം.ഡി പറഞ്ഞതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. ഒരു മീറ്റർ പോലും ബഫർ സോണില്ലെന്ന് മന്ത്രി സജി ചെറിയാൻ നേരത്തേ പറഞ്ഞിരുന്നു.
മന്ത്രിയുടെ നിലപാട് തള്ളുകയായിരുന്നു കോടിയേരി. കെ-റെയില്‍ പദ്ധതിയെ തകര്‍ക്കാൻ യു.ഡി.എഫും ബി.ജെ.പിയും കൈകോര്‍ക്കുകയാണെന്ന് കോടിയേരി പറഞ്ഞു. കോഴിക്കോട്ട് കെ-റെയിലിന്‍റെ ഭാഗമായി സ്ഥാപിക്കുന്ന കല്ലുകള്‍ പിഴുതെറിയാന്‍ ബി.ജെ.പി ജില്ല പ്രസിഡന്‍റും ഡി.സി.സി പ്രസിഡന്‍റും കൈകോര്‍ത്തു. ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കുകതന്നെ ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.