കരുതൽ മേഖല: ഉപഗ്രഹ സർവേ വിവരങ്ങൾ പ്രസിദ്ധീകരിക്കും
text_fieldsകോട്ടയം: വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള കരുതൽ മേഖലയിലെ നിർമിതികളും മറ്റും സംബന്ധിച്ച ഉപഗ്രഹ സർവേ വിവരങ്ങളിലെ തെറ്റുകൾ തിരുത്തുന്നത് സംബന്ധിച്ച് വ്യക്തതയില്ലാത്തത് കുടിയേറ്റ മേഖലകളിൽ ആശങ്ക സൃഷ്ടിക്കുന്നു. രഹസ്യമായി സൂക്ഷിച്ച സർവേ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ കർഷകരുടെ കടുത്ത സമ്മർദത്തെത്തുടർന്ന് സർക്കാർ തയാറായിട്ടുണ്ട്. ഒമ്പത് ജില്ലകളിലെ 83 വില്ലേജുകളിലെ കർഷകരെ ബാധിക്കുന്നതാണ് കരുതൽ മേഖല സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ.
ഈ വില്ലേജുകളിലും അവയുമായി ബന്ധപ്പെട്ട പഞ്ചായത്തുകളിലും താലൂക്കുകളിലും ഉപഗ്രഹ സർവേ റിപ്പോർട്ട് ലഭ്യമാക്കും. പഞ്ചായത്തിലെയും വില്ലേജിലെയും ഉദ്യോഗസ്ഥർ കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ സർവേ വിവരങ്ങൾ പരിശോധിച്ച് വിട്ടുപോയ കെട്ടിടങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തണമെന്നാണ് പരിസ്ഥിതി വകുപ്പിന്റെ ചുമതലവഹിക്കുന്ന മുഖ്യമന്ത്രി വനംവകുപ്പിന് നൽകിയ നിർദേശം.
എന്നാൽ, വലിയ പണച്ചെലവ് വരുന്നതിനാലും ഉദ്യോഗസ്ഥരുടെ ജോലിത്തിരക്കുംമൂലം ഈ പ്രവർത്തനം കാര്യക്ഷമമായി നടക്കാനിടയില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. ഈ സാഹചര്യത്തിൽ ഉപഗ്രഹ സർവേയിൽ ഉൾപ്പെടാതെ പോയിരിക്കുന്ന നിർമിതികളുടെ ഉടമകൾ ആ വിവരം കണ്ടെത്തി വിശദാംശങ്ങൾ ഇ-മെയിൽ വഴി വനംവകുപ്പിനെ അറിയിക്കണമെന്നാണ് വനംമന്ത്രിയുടെ നിലപാട്. ഉപഗ്രഹ സർവേ വിവരങ്ങൾ അപഗ്രഥിച്ച് ഏതെങ്കിലും നിർമിതികൾ വിട്ടുപോയിട്ടുണ്ടോ എന്നു പരിശോധിക്കുന്നത് ഏറെ വൈദഗ്ധ്യം ആവശ്യമുള്ള ജോലിയാണ്.
സാധാരണക്കാരായ കർഷകർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന നിർദേശമാണിത്. റിസർവ് വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ വീതിയിൽ കരുതൽ മേഖല നിശ്ചയിക്കുമ്പോൾ ഏതൊക്കെ സർവേ നമ്പറുകൾ ഉൾപ്പെടും എന്നതുസംബന്ധിച്ച് വ്യക്തതയില്ല. കരുതൽ മേഖലയുടെ അടിസ്ഥാന ഘടകം വില്ലേജ് ആണെന്നിരിക്കെ പലയിടങ്ങളിലും അവയുടെ വീതി ഒരു കിലോമീറ്ററിൽ കൂടുതലാവുകയും ചെയ്തേക്കാമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ കരുതൽ മേഖല നിർണയിച്ച് അതിർത്തികൾ നിശ്ചയിക്കാൻ വനംവകുപ്പ് തയാറാകാത്തതാണ് പ്രശ്നം ഗുരുതരമാകാൻ ഇടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.