കരുതൽമേഖല: സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് താമരശ്ശേരി രൂപത ഇടയലേഖനം
text_fieldsതാമരശ്ശേരി (കോഴിക്കോട്): കരുതൽമേഖല വിഷയത്തില്‍ സംസ്ഥാനസര്‍ക്കാറിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് താമരശ്ശേരി രൂപത ഇടയലേഖനം. ജനസമൂഹത്തിന്റെ സംരക്ഷണമാണ് ബന്ധപ്പെട്ടവര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും വനത്തിനും വന്യമൃഗങ്ങള്‍ക്കും സര്‍ക്കാര്‍വക ഉദ്യാനങ്ങള്‍ക്കും സംരക്ഷണം നൽകി, പിതാമഹന്മാര് വിലകൊടുത്ത് സമ്പാദിച്ച മണ്ണില്‍നിന്ന് കുടിയിറക്കാനുള്ള കുടിലബുദ്ധിയാണ് പിന്നിലെന്ന് മനസ്സിലാവുമെന്ന് ഇടയലേഖനത്തിൽ പറയുന്നു.
താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലാണ് ലേഖനം ഇറക്കിയത്. ഞായറാഴ്ച രൂപതയുടെ കീഴിലുള്ള പള്ളികളില്‍ കുർബാനമധ്യേ വായിക്കാനാണ് ബിഷപ്പിന്റെ ആഹ്വാനം.
കരുതൽമേഖല പ്രദേശത്ത് കൈയേറ്റക്കാരും ആദിവാസികളും വനഭൂമി കൈയേറി സ്വന്തമാക്കിയെന്ന മട്ടില്‍ പുനഃപരിശോധന ഹരജി നൽകിയത് അപകടം ക്ഷണിച്ചുവരുത്തും. സാധാരണക്കാരുടെ കൃഷിഭൂമിയെപ്പറ്റിയും ഉപജീവനമാർഗത്തെപ്പറ്റിയും റിവ്യൂ ഹരജി മൗനംപാലിക്കുന്നു.
മലയോര ജനതയെ ഭീഷണിപ്പെടുത്തിയും വെല്ലുവിളിച്ചും ഒരുഭരണത്തിനും നിലനിൽപില്ലെന്ന് ഉത്തരവാദപ്പെട്ടവര്‍ മനസ്സിലാക്കുംവരെ ഇതിനെതിരെ സംഘടിതമായി നിലയുറപ്പിക്കാൻ ഇടയലേഖനം ആഹ്വാനംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.