ബഫര്‍സോൺ: സംസ്ഥാന സര്‍ക്കാരിന്റെ പുനഃപരിശോധനാ ഹരജി സുപ്രീംകോടതി അനുവദിച്ചു
text_fieldsതിരുവനന്തപുരം : ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ പരിധിയില്‍ നിര്‍ബന്ധമായും ബഫര്‍സോണ്‍ ഉണ്ടായിരിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹരജി സുപ്രീംകോടി അനുവദിച്ചു. 2022 ജൂൺ മൂന്നിലെ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജിയും കേന്ദ്രസര്‍ക്കാര്‍ മോഡിഫിക്കേഷന്‍ ഹരജിയും ഫയല്‍ ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങള്‍ എടുത്ത് പുറഞ്ഞുകൊണ്ട് ജനവാസമേഖലകള്‍ ബഫര്‍സോണ്‍ പരിധിയില്‍ നിന്നും പൂർണമായും ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
2023 ഏപ്രില്‍ 26-ന് ഈ വിഷയം സുപ്രീംകോടതി വീണ്ടും പരിശോധിക്കുകയും ബഫര്‍സോണ്‍ പ്രദേശങ്ങള്‍ രേഖപ്പെടുത്തികൊണ്ട് സംസ്ഥാനങ്ങള്‍ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ സമര്‍പ്പിച്ചിട്ടുള്ള കരട് വിജ്ഞാപനങ്ങള്‍ക്കും അന്തിമവിജ്ഞാപനങ്ങള്‍ക്കും ഒരു കി.മീ പരിധി വേണമെന്ന കോടതി വിധി ബാധകമല്ല എന്ന് കോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ പുനഃപരിശോധന ഹരജി അനുവദിച്ചതിനാല്‍ ഇതിനകം കാലാവധി കഴിഞ്ഞതും പുതുക്കിയ കരട് വിജ്ഞാപനങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതുമായ പ്രദേശങ്ങളെ സംബന്ധിച്ച കരട് വിജ്ഞാപനം തയാറാക്കാവുന്നതാണ്.
കരടി തയാറാക്കുമ്പോള്‍ ഏതെങ്കിലും പ്രദേശത്തെ ജനവാസമേഖകള്‍ നേരത്തെ നല്‍കിയ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഒരിക്കല്‍ കൂടി പരിശോധിക്കുന്നതിനും ജനവാസമേഖല പൂർണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് ഇപ്പോള്‍ പുനഃപരിശോധനാ ഹരജി അനുവദിച്ചതിലൂടെ സംസ്ഥാനത്തിന് ലഭിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും വരുന്ന ബഫര്‍സോണുകളില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളും സുപ്രീംകോടതി ഒഴിവാക്കിയിട്ടുണ്ട്.
ക്വാറികള്‍ക്കും ഖനികള്‍ക്കും വന്‍കിട വ്യവസായങ്ങള്‍ക്കും മാത്രമായിരിക്കും നിയന്ത്രണം എന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ജനവികാരത്തിന് ഒപ്പം നിന്ന സംസ്ഥാന സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയുടെയും കഠിനപ്രയത്‌നത്തിന്റെയും ഫലമാണ് സുപ്രീംകോടതി വിധിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. 2002 മുതല്‍ കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി നിലനിന്ന ബഫര്‍സോണ്‍ വിഷയത്തിന് ഇതോടെ പരിഹാരമായതായും മന്ത്രി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.