സംരക്ഷിതവനങ്ങളുടെ കരുതൽ മേഖല: ഇരകളെ അണിനിരത്തി യു.ഡി.എഫ് സമരത്തിന്
text_fieldsതിരുവനന്തപുരം: സംരക്ഷിത വനങ്ങളുടെ കരുതൽ മേഖല വിഷയത്തിൽ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സില്‍വര്‍ ലൈന്‍ പ്രക്ഷോഭം പോലെ കോണ്‍ഗ്രസും യു.ഡി.എഫും സമരം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കരുതൽ മേഖല ഇരകളെ മുഴുവന്‍ അണിനിരത്തി ജനവിരുദ്ധ സര്‍ക്കാറിനെതിരായ സമരവുമായി മുന്നോട്ടുപോകും.
കുമിളിക്ക് അപ്പുറത്ത് തമിഴ്‌നാട്ടില്‍ കരുതൽ മേഖലയില്ല. മറ്റു സംസ്ഥാനങ്ങളൊക്കെ അവരുടെ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടി ഇത് ഒഴിവാക്കി. എന്നാൽ, വനം-പരിസ്ഥിതി മന്ത്രാലയം ചോദിച്ച ചോദ്യങ്ങള്‍ക്കുപോലും കേരളം മറുപടി നല്‍കാന്‍ തയാറായില്ല. 2022 ജൂണ്‍ മൂന്നിന് ഉത്തരവ് വന്നപ്പോള്‍ മാനുവല്‍ സര്‍വേ നടത്താന്‍ തീരുമാനിക്കണമായിരുന്നു.
ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നുമാസം സര്‍ക്കാര്‍ ഫ്രീസറില്‍വെച്ചത് എന്തിനാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ച് താലൂക്കുതലത്തില്‍ മാനുവല്‍ സര്‍വേ നടത്തണം. കരുതൽ മേഖല ജനജീവിതത്തിലുണ്ടാക്കുന്ന ആഘാതം എത്രയാണെന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല.
യു.ഡി.എഫും കോണ്‍ഗ്രസും ജനകീയ സമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ പ്രാപ്തരാണ്. അത് കെ-റെയില്‍ വിരുദ്ധ സമരത്തില്‍ തെളിയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെക്കാള്‍ ജനങ്ങളുടെ സങ്കടങ്ങളാണ് നിയമസഭയില്‍ പ്രതിപക്ഷമുന്നയിക്കുന്നത്.സര്‍ക്കാറിന്റെ അലംഭാവവും കെടുകാര്യസ്ഥതയും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.
കരുതൽ മേഖല വിഷയത്തിൽ ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്ന് 2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് മന്ത്രിസഭ യോഗം തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചോദിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തുടർന്നുവന്ന പിണറായി സര്‍ക്കാര്‍ തയാറായില്ല. ഇതോടെ, 2018ല്‍ ഈ തീരുമാനം റദ്ദായി.
ഇതിനു പിന്നാലെ, ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ഒരു കിലോമീറ്റര്‍ കരുതൽ മേഖല പ്രഖ്യാപിക്കണമെന്ന് 2019ല്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ച് കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്തെടുത്ത തീരുമാനം ഈ സര്‍ക്കാര്‍ തിരുത്തിയതാണ് കേരളത്തെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.