തദ്ദേശവകുപ്പിന്റെ വിചിത്ര നടപടി; സെസ് അടച്ചില്ലെങ്കിൽ കെട്ടിടങ്ങൾക്ക് നമ്പറില്ല
text_fieldsതിരുവനന്തപുരം: നിർമാണം പൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് കെട്ടിട നിർമാണ സെസ് അടച്ചില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഒക്യുപെൻസി (കെട്ടിട നമ്പർ) കിട്ടാത്ത സ്ഥിതി. കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിലായി 11,000ത്തിലധികം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
1998ലെ സർക്കാർ ഉത്തരവ് പ്രകാരം തൊഴിലാളി ക്ഷേമനിധിയിലേക്ക് കെട്ടിട ഉടമ ഒരു ശതമാനം സെസ് അടയ്ക്കണം. തൊഴിൽ വകുപ്പിനായിരുന്നു ഇതിന്റെ ചുമതല. കാര്യക്ഷമമായി മുന്നോട്ടുപോകാതെ വന്നപ്പോൾ ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഈ തുക കർശനമായി പിരിച്ചെടുക്കാൻ തൊഴിൽ വകുപ്പിന് നിർദേശം നൽകി. 100 ചതുരശ്ര അടിക്ക് താഴെയുള്ള കെട്ടിടങ്ങളെ ഒഴിവാക്കി, 2015ന് ശേഷമുള്ള കെട്ടിടങ്ങളുടെ സെസ് പിരിക്കാനാണ് നിർദേശം.
ഉടമകൾക്ക് തൊഴിൽവകുപ്പിൽനിന്നുള്ള നോട്ടീസ് ലഭിക്കുന്നമുറക്ക് കെട്ടിടത്തിന്റെ മൊത്തം നിർമാണത്തുകയുടെ ഒരു ശതമാനം സെസായി തൊഴിൽ വകുപ്പിൽ അടയ്ക്കണം. അതായത് 25 ലക്ഷം മുടക്കി നിർമിച്ച കെട്ടിടമാണെങ്കിൽ ഉടമ 25,000 രൂപ തൊഴിലാളി സെസ് ആയി അടയ്ക്കണം. യഥാസമയം പണം അടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരും. അടുത്തിടെ സെസ് പിരിക്കാനുള്ള ചുമതല തൊഴിൽവകുപ്പിൽനിന്ന് മാറ്റി തദ്ദേശ വകുപ്പിന് നൽകി. തുടർന്നാണ് നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾക്ക് നമ്പർ കിട്ടണമെങ്കിൽ സെസ് അടച്ച രസീത് ഹാജരാക്കണമെന്ന നിബന്ധന കർശനമാക്കിയത്. കെട്ടിട നിർമാണ ചട്ടപ്രകാരം നിർമാണം പൂർത്തിയായ കെട്ടിടത്തിന് അപേക്ഷ സമർപ്പിച്ച് 15 ദിവസത്തിനം കെട്ടിടനമ്പർ നൽകണമെന്നാണ് ചട്ടം. സേവനാവകാശ നിയമത്തിലും ഇക്കാര്യം വ്യക്തമാണ്. അതാണ് തദ്ദേശവകുപ്പ് ലംഘിക്കുന്നത്.
കെട്ടിടനിർമാണ സെസ് എന്ന ‘ഇരുട്ടടി’
കെട്ടിടനിർമാണ തൊഴിലാളി സെസ് ക്ഷേമനിധിയിലേക്ക് അടയ്ക്കേണ്ടത് കരാറുകാരനാണ്. ഉടമ കെട്ടിടം നിർമിക്കാൻ തുക നിശ്ചയിച്ച് കരാറുകാരനെ ഏൽപിച്ചാൽ തൊഴിലാളിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉടമക്ക് ബാധ്യതമില്ല. തൊഴിലാളിയുടെ സുരക്ഷയും ക്ഷേമവും കരാറുകാരന്റെ ബാധ്യതയാണ്. പലരും ഇക്കാര്യത്തിൽ അജ്ഞരാണ്. വർഷങ്ങൾക്ക് മുമ്പ് ഏതോ തൊഴിലാളി പണികഴിപ്പിച്ച വീടിന് ഇപ്പോൾ സെസ് അടയ്ക്കേണ്ട സാഹചര്യം വിചിത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.