കെട്ടിട നിർമാണ ദൂരപരിധി: 100 ചതുരശ്ര മീറ്റർ വരെ ഫീസില്ല
text_fieldsതിരുവനന്തപുരം: 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെയാണ് മുമ്പ് ക്രമവത്കരണ അപേക്ഷാഫീസിൽ നിന്ന് ഒഴിവാക്കിയിരുന്നത്. ഈ ഇളവ് 100 ചതുരശ്ര മീറ്റർ വരെയാക്കി.100ന് മുകളിൽ 200 ചതുരശ്ര മീറ്റർ വരെ 1000 രൂപയും 200 മുതൽ 500 വരെ 3500 രൂപയും 500ന് മുകളിൽ 1000 വരെ 5000 രൂപയുമാണ് നിരക്ക്. 1000 ന് മുകളിൽ 10,000 രൂപയും കൂടാതെ, അധികം വരുന്ന ഓരോ ചതുരശ്ര മീറ്ററിനും 50 രൂപ വീതവും അധികമായി നൽകണം.
ഇതുവഴി മുനിസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്റെയും അപേക്ഷാ ഫീസ് വ്യത്യസ്തമായിരുന്നത് ഏകീകരിക്കുകയും ചെയ്തു. വീടുകളുടെയും കെട്ടിടങ്ങളുടെയും ക്രമവത്കരണത്തിന്റെ അപേക്ഷാഫീസും വെട്ടിക്കുറച്ചിട്ടുണ്ട്. അംഗീകൃത നഗര വികസന പദ്ധതികള്‍ക്ക് വിരുദ്ധമായത്, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത്, നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ലംഘിക്കുന്നത് തുടങ്ങിയവ ഒഴികെ കെട്ടിടങ്ങള്‍ക്കാണ് ക്രമവത്കരണം സാധ്യമാകുന്നത്.
എങ്ങനെ അപേക്ഷിക്കാം
നിശ്ചിത ഫോറത്തിലുള്ള ക്രമവത്കരണ അപേക്ഷകള്‍ കെട്ടിടത്തിന്റെ പ്ലാനും മറ്റ് അനുബന്ധ രേഖകളും സഹിതം തദ്ദേശ സെക്രട്ടറിക്കാണ് സമർപ്പിക്കേണ്ടത്. അപേക്ഷാ ഫീസുമൊടുക്കണം. അപേക്ഷകള്‍ ജില്ല തലത്തിലുള്ള ക്രമവത്കരണ കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കും. തീരുമാനത്തിൽ ആക്ഷേപമുള്ളവർക്ക് സംസ്ഥാന തലത്തിലെ അപ്പീൽ കമ്മിറ്റിയെ സമീപിക്കാം. സംസ്ഥാന തല അപ്പീൽ കമ്മിറ്റി തീരുമാനത്തിൽ ആക്ഷേപമുള്ളവർക്ക് ഗവൺമെന്റ് തലത്തിൽ അപ്പലറ്റ് അതോറിറ്റിയായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അപ്പീൽ നൽകാം.
ജില്ലതല സമിതികൾ വരും
അനധികൃത നിർമാണങ്ങൾ ക്രമവത്കരിക്കാനുള്ള അപേക്ഷകൾ പരിഗണിക്കാൻ ജില്ലതല സമിതികൾ രൂപവത്കരിക്കും. ജില്ല ജോയന്റ് ഡയറക്ടർ ചെയർമാനും ടൗൺ പ്ലാനർ / സീനിയർ ടൗൺ പ്ലാനർ (കൺവീനർ), തദ്ദേശ സെക്രട്ടറി, തദ്ദേശ എൻജിനീയർ എന്നിവർ അംഗങ്ങളായ സമിതിയാണ് അപേക്ഷ പരിഗണിക്കുക.
ഈടാക്കേണ്ട അധിക കോമ്പൗണ്ടിങ് ഫീസ്
1. റോഡ് അതിരും കെട്ടിടവും തമ്മിൽ അകലത്തിൽ 50 സെ.മീ വരെ കുറവ്- ഭൂമിയുടെ ആകെ ന്യായവിലയുടെ 1/30ൽ ഉള്ളതിനെ അനധികൃതമായി നിർമിച്ച കെട്ടിടത്തിന്റെ ആകെ തറവിസ്തൃതികൊണ്ട് ഗുണിച്ചാൽ കിട്ടുന്നത്.2. റോഡ് അതിരും കെട്ടിടവും തമ്മിലെ അകലത്തിൽ 50 സെ.മീറ്ററിൽ കൂടുതലും ഒരു മീറ്ററിൽ കുറവും- ഭൂമിയുടെ ന്യായവിലയുടെ 1/15 അനധികൃതമായി നിർമിച്ച ആകെ തറവിസ്തൃതികൊണ്ട് ഗുണിച്ചാൽ കിട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.